രാത്രി

Wednesday, April 20, 2005

സലിം കേച്ചേരിയുടെ സിനിമാ കച്ചേരികള്‍ ............

സലിം കേച്ചേരി എന്ന്‌ പേരുള്ള ഒരു മഹാന്‍ മലയാളം വാരികയില്‍ സിനിമാ ആസ്വാദനം എന്ന പേരില്‍ ഒരു സംഭവം എഴുതുന്നുണ്ട്‌. രഞ്ജിത്ത്‌ എന്ന്‌ പേരുള്ള മലയാളത്തിലെ ഒരു ഇടത്തരം തിരക്കഥാകാരനെ (ഇപ്പോള്‍ സംവിധായകനും) സുവര്‍ണ സിംഹാസനം കയറ്റുന്ന ലേഖനം ആണ്‌ ആദ്യം കണ്ടത്‌. അത്‌ വായിച്ചപ്പോള്‍ സലിം കേച്ചേരിക്ക്‌ ഉച്ചകിറുക്ക്‌ ആയിരിക്കും എന്നണ്‌ കരുതിയത്‌. ദേവാസുരം എന്ന സിനിമ കണ്ടതിന്‌ ശേഷമാണ്‌ സലിം കേച്ചേരിയുടെ തലയിലെ ഒരു ആണി ഇളകിപ്പോയത്‌. കര്‍ണന്‍, ദുര്യോധനന്‍, ഭീഷ്മര്‍, അശ്വത്വാമാവ്‌ എന്നീ പുരാണകഥാപാത്രങ്ങളിലെല്ലാം നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ കാണാം എന്നാണ്‌ പുള്ളിക്കാരന്റെ കണ്ടുപിടുത്തം. രാമായണം പുള്ളി വായിച്ചിട്ടില്ല എന്നാണ്‌ തോന്നുന്നത്‌. ഉണ്ടായിരുന്നെങ്കില്‍ ഈ പട്ടിക രാമനിലോട്ടും സീതയിലോട്ടും, ലക്ഷ്മണനിലോട്ടും എത്തുമായിരുന്നു.

ഈ ലേഖനത്തെ പരിഹസിച്ചു കൊണ്ട്‌ ഒരു വായനക്കാരന്‍ രസകരമായ ഒരു കത്ത്‌ അടുത്ത ലക്കത്തില്‍ എഴുതി. ആ കത്ത്‌ രണ്ട്‌ പ്രാവശ്യം വായിച്ചാല്‍ അത്യാവശ്യം ഉളുപ്പുള്ളവര്‍ അതുപോലൊരു ലേഖനം പിന്നീട്‌ എഴുതില്ല. എന്തുചെയ്യാം സലിം കേച്ചേരിക്ക്‌ എഴുതിയെ മതിയാവു. അതാ വരുന്നു അടുത്ത ലക്കത്തില്‍ വീണ്ടും ഒരു ആസ്വാദനം. ഈ പ്രാവശ്യം കൊങ്ങക്ക്‌ പിടിച്ചിരിക്കുന്നത്‌ കമലിനെയാണ്‌. സ്വന്തം സിനിമയെ പറ്റി കമലിനു തന്നെ നല്ല അഭിപ്രായമില്ല. സ്വപ്നക്കൂട്‌ പോലുള്ള ചിത്രം താന്‍ കേരളത്തിലെ നിലവിലുള്ള മന്ദബുദ്ധി യുവതലമുറക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടിയാണ്‌ എടുത്തതെന്ന്‌ കമല്‍ തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌. അങ്ങിനെയിരിക്കുമ്പോളാണ്‌ സലിം കേച്ചേരി കമലിനെ സുവര്‍ണപീഠം കയറ്റുന്നത്‌.

രഞ്ജിത്തിനെയൊ കമലിനെയൊ ഇവിടെ കുറ്റം പറയാന്‍ പറ്റില്ല. തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ നിരൂപണ ശ്രേഷ്ഠന്മാര്‍ കണ്ടെത്തിക്കളയും. നല്ല സിനിമ ഇല്ലെങ്കില്‍ തല്ലിപ്പൊളി സിനിമകളെ എഴുത്തിലൂടെ നല്ലതാക്കുക എന്നതാണ്‌ സലിമിന്റെ പോളിസി എന്ന്‌ തോന്നുന്നു. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകാത്തത്‌ നല്ല audience ഇല്ലാത്തത്‌ കൊണ്ടാണ്‌. 70കളിലെയും 80കളിലെയും അസ്തിത്വവാദിക്ക്‌ ജനിച്ചത്‌ ബുദ്ധിപരമായി ചാപിള്ളകളായിരുന്നു എന്ന്‌ കേരളം ഇപ്പോള്‍ തിരിച്ചറിയുന്നു. സ്വന്തം മകന്‍ കവിത വായിക്കുന്നില്ല എന്നതില്‍ താന്‍ ആഹ്ലാദിക്കുന്നു എന്നു ചുള്ളീക്കട്‌ പറഞ്ഞത്‌ ഇവിടെ കൂട്ടിവായിക്കുക.

സലിം കേച്ചേരിയുടെ ഈ കച്ചേരികള്‍ ഇനിയും തുടരും. ചിലര്‍ ജീവിതത്തില്‍ ചില വ്രതങ്ങള്‍ എല്ലാം എടുക്കാറുണ്ട്‌. ശബരിമലക്ക്‌ പോകുക, ഗുരുവായൂര്‍ അമ്പലത്തില്‍ പോയി ശയന പ്രദിക്ഷിണം ചെയ്യുക, ഹജ്ജിന്‌ പോകുകക, തിരുപ്പതി പോയി തല മൊട്ട അടിക്കുക എന്നിങ്ങനെ. മലയാളത്തിലെ മൂന്നാംകിട സംവിധായകരെയും എഴുത്തുകാരെയും സുവര്‍ണപീഠം കയറ്റുക എന്ന വ്രതമാണ്‌ സലിം കേച്ചേരി എടുത്തിരിക്കുന്നത്‌. നടക്കട്ടെ.

Tuesday, April 19, 2005

കേരളത്തില്‍ പുതിയ പത്ത്‌ ചാനല്‍ കൂടി വരാന്‍ പോകുന്നു

കേരളത്തില്‍ ഇനി പുതിയ പത്ത്‌ ചാനല്‍ കൂടി വരാന്‍ പോകുന്നു- വാര്‍ത്ത

വളരെ നല്ല കാര്യം. പത്താം ക്ലാസ്സ്‌ തോറ്റവര്‍ക്കെല്ലാം ഇനി ജോലി ആകുമല്ലൊ-രാത്രിഞ്ചരന്‍

Monday, April 18, 2005

കേരളം ദൈവത്തിന്റെ നാടോ അതോ........

കേരളം ദൈവത്തിന്റെ നാടാണെന്നാണ്‌ ടുറിസംകാര്‍ പറയുന്നത്‌. ടുറിസംകാരല്ലേ അവര്‍ക്ക്‌ വായില്‍ തോന്നിയ എന്തും പറയാം. എന്നാല്‍ ടുറിസംകാര്‍ മാത്രമല്ല ഇത്‌ പറഞ്ഞുകൊണ്ട്‌ നടക്കുന്നത്‌. ചാനലുകളിലെ അവതാരകരെല്ലാം ഉറപ്പിച്ച്‌ വെച്ചിരിക്കുകയാ കേരളം ദൈവത്തിന്റെ നാടാണെന്ന്‌. ഇനി ഇവര്‍ മാത്രമാണ്‌ ഈ മണ്ടത്തരം പറയുന്നത്‌ എന്നു വിചാരിച്ചാല്‍ തെറ്റിപ്പോയി. പല പ്രശസ്തമായ വാരികകളിലെ ലേഖകന്മാരും ഇപ്പോള്‍ കേരളത്തെ ദൈവത്തിന്റെ നാട്‌ എന്നാണ്‌ പറയുന്നത്‌. ഈ അസുഖം ബ്ലൊഗന്മാരിലും ബ്ലൊനികളിലും വരെ എത്തിക്കഴിഞ്ഞു.

കേരളം ദൈവത്തിന്റെ നാടാണ്‌ എന്ന്‌ പറയുന്നതില്‍ പല അപകടങ്ങള്‍ ഉണ്ട്‌. പൊതുവെ കേരളത്തില്‍ അഞ്ച്‌ സെന്റ്‌ സ്ഥ
ലം ഉള്ളവരെയാണ്‌ നമ്മള്‍ നാട്ടുകാരായി കണക്കാക്കുന്നത്‌. തമിഴ്നാട്ടില്‍ നിന്നും അമ്മ, അപ്പ എന്ന്‌ പറഞ്ഞ്‌ വരുന്നവരെ നമ്മള്‍ നാട്ടുകാരായി കാണാറില്ല. അപ്പോള്‍ അതിന്റെ അര്‍ഥം കേരളത്തില്‍ ദൈവത്തിന്‌ സ്ഥലം ഉണ്ടെന്നാണ്‌. എന്നാല്‍ കേരളത്തിലുള്ള എല്ലാ റജിസ്റ്റര്‍ ഓഫീസുകളില്‍ പോയി ചോദിച്ചാലും ദൈവത്തിന്റെ പേരില്‍ അഞ്ച്‌ സെന്റ്‌ സ്ഥലം പോലും കാണില്ല. സ്വന്തം നാടല്ലെ പത്ത്‌ സെന്റ്‌ വിറ്റ്‌ കളയാം എന്നു വിചാരിച്ച്‌ ദൈവം വന്നാല്‍ എന്തു ചെയ്യും?. ദൈവത്തിനെ കുറ്റം പറയാന്‍ പറ്റില്ല. എഴുത്തുകാര്‍ തൊട്ട്‌ ചാനലുകാര്‍ വരെ പറഞ്ഞു കൊണ്ടിരിക്കുകയാ കേരളം ദൈവത്തിന്റെ നാടാണെന്ന്‌. 24 മണിക്കൂറും ഇതു കേട്ടാല്‍ ദൈവമായാല്‍പ്പോലും മനമിളകിപ്പോകും. ഒരു സ്മോളടിക്കാന്‍ മാനാഞ്ചിറ സ്ക്വയര്‍ വില്‍ക്കാം എന്ന്‌ ദൈവം തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യന്‍ പറ്റില്ല. കളിക്കുന്നത്‌ ദൈവത്തിനോടാണ്‌ എന്ന്‌ ഓര്‍ക്കണം.

ഇതിലെ മറ്റൊരു അപകടം കേരളം ഏത്‌ ദൈവത്തിന്റെ നാടാണ്‌ എന്ന്‌ വ്യക്തമായി പറഞ്ഞിട്ടില്ല എന്നുള്ളതാണ്‌. അതിന്റെ അര്‍ഥം കേരളം ഏത്‌ ദൈവത്തിന്റെ നാടൂമാകാം എന്നാണ്‌. ലോകത്തില്‍ ആയിരക്കണക്കിന്‌ മതങ്ങള്‍ ഉണ്ട്‌. അവര്‍ക്കെല്ലാം ഇഷ്ടം പോലെ ദൈവങ്ങളും ഉണ്ട്‌. ഹിന്ദുക്കള്‍ക്ക്‌ തന്നെ 33 കോടി ദൈവങ്ങള്‍ ഉണ്ട്‌ എന്നാണ്‌ പറയുന്നത്‌. ഇവരെല്ലാവരും കൂടി കേരളത്തിലെ ഒരു തുണ്ട്‌ ഭൂമിക്കുവേണ്ടി കടിപിടി കൂടുന്നത്‌ ആലോചിച്ച്‌ നോക്കിയെ. അല്ലെങ്കില്‍ തന്നെ ദൈവത്തിന്റെ പേരില്‍ മനുഷ്യന്മാര്‍ തമ്മില്‍ മുഴുത്ത അടിയാണ്‌. അതിന്റെ കൂടെ ദൈവങ്ങളും കൂടി അടിക്കാന്‍ തുടങ്ങിയാലോ?

അതുകൊണ്ടാണ്‌ കേരളം ദൈവത്തിന്റെ നാടാണെന്ന്‌ പറയുന്നതില്‍ അപകടം ഉണ്ട്‌ എന്ന്‌ പറഞ്ഞത്‌.

Tuesday, April 12, 2005

പെണ്‍കുട്ടികളില്‍ വായനാ ശീലം കുറയുന്നു...........

നാട്ടിലെ നാരീമണികളുടെ കാര്യം അല്ല പറഞ്ഞത്‌. ബാംഗ്ലൂര്‍ എന്ന നഗരത്തിലെ കുട്ടികളുടെ കാര്യമാണ്‌. വെറുതെ ഞഞ്ഞാമിഞ്ഞാ പറഞ്ഞതല്ല. കാര്യകാരണങ്ങള്‍ നിരത്താന്‍ പോകുകയാണ്‌. സംഭവം ഇങ്ങിനെ:

ഉച്ചയ്ക്കു ഊണു കഴിഞ്ഞു ഒന്നു ഉലാത്താന്‍ ഇറങ്ങിയതായിരുന്നു. അപ്പോള്‍ അതാ ഒരു കാഴ്ച. അഞ്ചാറ്‌ പെണ്‍കുട്ടികള്‍ കൂടിയിരിക്കുന്ന സ്തലത്തു നിന്നും പുകപടലങ്ങള്‍ ഉയരുന്നു. ധാവണിയ്ക്യൊ മറ്റൊ തീ പിടിച്ചോന്നറിയാന്‍ വേണ്ടി രാത്രിഞ്ചരന്‍ സൂക്ഷിച്ചു നോക്കി. അപ്പോളാണ്‌ പൊരുളിന്റെ ചുരുളഴിഞ്ഞത്‌. വീരാംഗനമാര്‍ ഇരുന്നു സിഗരറ്റ്‌ വലിക്കുകയാണു!

പുരുഷകേസരികള്‍ അന്തരീക്ഷത്തിലോട്ടു തള്ളി വിടുന്ന പുക പോര എന്ന്‌ പരിസ്തതി മന്ത്രാലയത്തില്‍ നിന്നും കത്തു കിട്ടിയ മാതിരിയാണു ഇവര്‍ ആകശത്തിലോട്ട്‌ ഘോര ഘോരം പുക ഊതിവിടുന്നത്‌. എന്നാല്‍ കുറ്റം പറയാന്‍ വരട്ടെ. പുരുഷന്മാര്‍ ചെയ്യ്നുന്ന എന്തും തങ്ങള്‍ ചെയ്യും എന്ന ഐഡിയോളജിക്കല്‍ നിലപാടു കാരണമൊ അതല്ല ലിപ്സ്റ്റിക്കിനു പകരം ചുണ്ടു കറുക്കാന്‍ പുകവലിച്ചല്‍ മതി എന്ന്‌ ഏതെങ്കിലും ബോളിമരം താരറാണി ഉറക്കത്തില്‍ പിച്ചും പേയും പറയുന്നത്‌ കേട്ടൊ അല്ല നതാംഗിമാര്‍ ഇതു ചെയ്യുന്നതു. പിന്നെയൊ? സിഗരറ്റ്‌ പായ്ക്കറ്റിന്റെ മുകളില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ടു 'സിഗരറ്റ്‌ വലി ആരോഗ്യത്തിനു ഹാനികരം' എന്ന്‌. നമ്മുടെ പെണ്‍കുട്ടികള്‍ ഇതെന്നും വായിക്കുന്നില്ല. അതാണ്‌ പറഞ്ഞത്‌ പെണ്‍കുട്ടികളില്‍ വായനാശീലം കുറയുന്നു എന്ന്‌.

(രാത്രിഞ്ചരന്‍ ഓടുന്നു... ആള്‍ ഇന്ത്യ വുമെന്‍ കുടിവലി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പിറകെ വെട്ടുകത്തിയും കോടാലിയുമായ്‌......)

Thursday, April 07, 2005

കണിയാന്മാരെ ഇതിലേ ഇതിലേ.....................

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിയുന്നതിന്റെ രഹസ്യം നാട്ടില്‍ പോയപ്പോള്‍ ആണ്‌ മനസ്സിലായത്‌. മൂന്നാം ക്ലാസ്സും ഗുസ്തിയും ആയി നടന്നവന്‍ ഒക്കെ ഇപ്പോള്‍ സീലോയിലും ഫോര്‍ഡിലും ഒക്കെ ആണ്‌ യാത്ര. എന്താണ്‌ ഹെ കാര്യം എന്നു ചോദിച്ചപ്പോള്‍ ആണ്‌ മറുപടി കിട്ടിയത്‌.

"അവരൊക്കെ ഇപ്പോള്‍ ജ്യോതിഷികള്‍ ആയില്ലെ"

അതുശരി, അപ്പോള്‍ അതാണു കാര്യം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വാങ്ങുന്നതു ജ്യോതിഷികള്‍ ആണെന്ന്‌ ഡോക്ടര്‍മാരുടെ ഒരു രഹസ്യ സംഘടന നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നു. കണ്‍സല്‍റ്റിംഗ്‌ ഫീയില്‍ അടുത്തു തന്നെ ഇവര്‍ തങ്ങളെ കടത്തി വെട്ടും എന്നും ഈ സംഘടന കണ്ടെത്തി. മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ മറ്റൊരു സര്‍വെയില്‍ കേരളത്തില്‍ ഭാവിയില്‍ ജ്യോതിഷികളുടെ കടുത്ത ക്ഷാമം അനുഭവപ്പെടും എന്നും കണ്ടെത്തിയിരിക്കുന്നു. കൂടാതെ ഇതു ഒരു 5 billion$ വ്യവസായമായി മാറാനുള്ള സാധ്യതയും ഈ സര്‍വെയില്‍ കണ്ടെത്തി.

ഇത്രയുമായ സ്ഥിതിക്ക്‌ എന്തു കൊണ്ടു ഗവണ്‍മേന്റിനു ഇതു ഒരു കുടില്‍ വ്യവസായമായി പ്രോത്സാഹിപ്പിച്ചു കൂടാ? ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരും ഇതു സ്വന്തം കുടിയില്‍ വെച്ചാണു ചെയ്യുന്നത്‌. ഈ വ്യവസായം ആകുമ്പോള്‍ പല മെച്ചങ്ങള്‍ ഉണ്ട്‌. മുതല്‍മുടക്ക്‌ വളരെ കുറവ്‌. കവടിയും, പലകയും മുറുക്കി തുപ്പാന്‍ ഒരു കോളാമ്പിയുമുണ്ടെങ്കില്‍ infrastructure റെഡി. പ്രോത്സാഹനത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ ഈ തൊഴിലിലോട്ടു ആകര്‍ഷിക്കണം. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന മാതിരി സര്‍വകലാശാലകളില്‍ ഇതു പഠിപ്പിക്കണം എന്ന മണ്ടത്തരം ഒന്നും ചെയ്തു കളയരുത്‌. അത്‌ ദീര്‍ഘവീക്ഷണം ഇല്ലാത്തതു കൊണ്ടു പറയുന്നതാണ്‌. പഠനം പണ്ടത്തെ മാതിരി ഗുരുകുല സമ്പ്രദായം പ്രകാരം ആയിരിക്കണം. അതായത്‌ ശിഷ്യനമാര്‍ ഗുരുവിന്റെ വീട്ടില്‍ നിന്ന്‌ പഠിക്കണം. ഒരു ഗുരുവിന്റെ വീട്ടില്‍ ചുരുങ്ങിയത്‌ പത്ത്‌ ശിഷ്യന്മാര്‍ എങ്കിലും താമസിക്കണം. പഠനത്തിനു ഫീ ഒന്നും ചുമത്തരുത്‌. പഠനത്തിന്റെ ഭാഗമായി ശിഷ്യന്മാര്‍ വിറകു വെട്ടുകയും, വെള്ളം കോരുകയും , തെങ്ങില്‍ കയറി തേങ്ങ ഇടുകയും വേണം.

ഈ പഠന രീതി കൊണ്ട്‌ പല മെച്ചങ്ങള്‍ ഉണ്ട്‌. ഗുരുവിന്റെ വീട്ടിലെ തേങ്ങ ഇട്ടു കഴിഞ്ഞാല്‍ ശിഷ്യന്മ്മാരെ അടുത്ത വീട്ടിലെ തെങ്ങില്‍ കയറാന്‍ വിടണം. അതോടു കൂടി നാട്ടില്‍ തെങ്ങു കയറ്റക്കാരുടെ ക്ഷാമം ഇല്ലാതാകും. വിറകു വെട്ടുന്നതിനാല്‍ petroleum ഉല്‍പ്പന്നങ്ങളുടെ മുകളില്‍ ഉള്ള dependency കുറയും. വെള്ളം കോരേണ്ടി വരുമ്പോള്‍ വെള്ളത്തിന്റെയും electricity യുടെയും ഉപഭോഗം കുറയും. വെള്ളവും electricity യും ഇല്ലാതെ നട്ടം തിരിയുന്ന കേരളത്തിനു ഇതു വലിയ ആശ്വാസമായിരിക്കും.

ഇങ്ങിനെ പഠിച്ചു പുറത്തിറങ്ങുന്ന ജ്യോതിഷികളുടെ സേവനം കേവലം മലയാളി ദരിദ്ര സമൂഹത്തില്‍ മാത്രം ഒതുക്കി നിര്‍ത്തരുത്‌. ഔട്ട്‌സോര്‍സിങ്ങിറ്റെ ഒരു സുവര്‍ണ ഖനി ആണിത്‌ തുറന്നു തരുന്നത്‌ എന്നു ഓക്കണം. നമ്മളെക്കാള്‍ വലിയ അന്ധവിശ്വാസികള്‍ ഈ ലോകത്തിന്റെ പലഭാഗത്തും ഉണ്ട്‌. അതിനാല്‍ clientsനെ കിട്ടാന്‍ വലിയ പണി ഉണ്ടാവില്ല. ഔട്ട്‌സോര്‍സിങ്ങിന്റെ മുന്നോടിയായി നല്ലൊരു ബ്രാന്റ്‌ വാല്യൂ ഉണ്ടാക്കിയെടുക്കണം. അതിന്‌ പരസ്യമല്ലാതെ മറ്റെന്ത്‌. അതുകൊണ്ട്‌ സ്പെറ്റെംബര്‍ 11 ലെ ആക്രമണം കേരളത്തിലെ പ്രശ്തനായ ഒരു ജ്യോതിഷി പ്രവചിച്ചു എന്ന്‌ പരസ്യം കൊടുക്കണം. പരസ്യം കൊടുക്കുന്നതിനു മുന്നോടിയായ്‌ ഈ പ്രവചനം ഒരു ചെമ്പു തകിടില്‍ എഴുതി കുടത്തില്‍ അടച്ച്‌ ഏതെങ്കിലും പൊട്ട‍കിണറ്റില്‍ എറിയണം. അതിനു ശേഷം ABC,BBC, CNN,DNN തുടങ്ങിയ ചാനലുകാരെ വിളിച്ച്‌ ഇന്റര്‍വ്യൂ കൊടുപ്പിക്കണം. വാര്‍ത്തക്ക്‌ വേണ്ടി പരക്കം പായുന്ന ചാനലുകാര്‍ക്കു ഇതിന്റെ സത്യാവസ്ഥ നോക്കാന്‍ ഒന്നും സമയം കാണില്ല. ഇനി ഏതങ്കിലും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ മുഖം വീര്‍പ്പിച്ചാല്‍ പൊട്ടക്കിണര്‍ കാണിച്ചു കൊടുക്കണം. അതില്‍ ഇറങ്ങി തപ്പട്ടെ.

ഒരിക്കല്‍ ബ്രാന്റ്‌ വാല്യു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ VIP കളുടെ തിക്കും തിരക്കുമായിരിക്കും. അടുത്ത ആക്രമണം എന്നാണന്നറിയാന്‍ George Bush അന്തര്‍വാഹിനി വഴി വരും. അതുകേട്ടാല്‍ ടോണി ബ്ലൈര്‍ തോണി പിടിച്ചായാലും വരും. വ്യവസായികമായി പുരോഗമിക്കാന്‍ കേരളത്തിനു പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണിത്‌. BT യും IT യും വരും എന്നു വിചാരിച്ചിരുന്നാല്‍ മൂക്കില്‍ പല്ല്‌ മുളക്കുകയെ ഉള്ളൂ.

അതുകൊണ്ട്‌, കണിയാന്മാരെ ഇതിലേ, ഇതിലേ...............