രാത്രി

Monday, October 17, 2005

പെൻഷൻ പ്രായം കൂട്ടേണ്ട ആവശ്യകതയെപ്പറ്റി

പെൻഷൻ പ്രായം ഉയർത്തുക എന്നതു കൊണ്ട്‌ ഉദ്യേശിച്ചത്‌ ഇപ്പോഴത്തെ 55/58 വയസ്സ്‌ എന്നത്‌ 90 ആക്കുക എന്നല്ല. പെൻഷൻ കൊടുക്കുന്ന പ്രായം കൂട്ടുക എന്നാണ്‌. അതായത്‌ 55 വയസ്സിൽ പിരിയുന്ന ഒരു വ്യക്തിയ്ക്ക്‌ പെൻഷൻ കൊടുക്കുന്നത്‌ 65 വയസ്സ്‌ മുതൽ ആയിരിക്കണം. പിരിയുന്നതിന്റെയും പെൻഷൻ കിട്ടുന്നതിന്റെയും ഇടയിൽ പത്തു കൊല്ലം ഉണ്ടായിരിക്കണം. ഇതു കൊണ്ടെന്ത്‌ പ്രയോജനം? പ്രയോജനം പലത്‌. വിശദമാക്കാം.

നിലവിലുള്ള അവസ്ഥയിൽ 55 വയസ്സിൽ പെൻഷൻ പറ്റുന്ന വ്യക്തി പെൻഷനാവുന്നതോടു കൂടി ടെലിവിഷൻ ചാനലുകൾക്ക്‌ ചുവട്ടിൽ പായ വിരിച്ച്‌ കിടക്കുന്ന അവസ്ഥയാണ്‌. നാളെ തൊട്ട്‌ പെൻഷൻ കാശ്‌ കിട്ടും എന്നതിനാൽ ഭാവിയെ പറ്റി വലിയ അല്ലലില്ല. പൊതു ഖജനാവിലോട്ടു വരുന്ന ഭൂരിഭാഗം കാശും വെള്ളാനകളിൽ ജോലി ചെയ്യുന്നവർക്ക്‌ ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും ചെലവഴിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത്‌ ഇത്‌ ഒരു ക്രിമിനൽ കുറ്റമാണ്‌. പോരാത്തതിന്‌ കേരളത്തിലെ ജനങ്ങളുടെ ആയുർദൈർഘ്യം കൂടി വരികയാണ്‌. 55 വയസ്സിൽ പെൻഷൻ പറ്റുന്ന വ്യക്തി 85 വയസ്സ്‌ വരെ ജീവിച്ചിരുന്നാൽ അയാളെ തീറ്റിപ്പോറ്റേണ്ട ഗതികേട്‌ ജനങ്ങളുടെ തലയിലാണ്‌. മൂന്നു ശതമാനം പോലും വരാത്ത ഓർഗനൈസ്‌ഡ്‌ സെക്ടരിൽ ഉള്ളവർക്കെ ഇതിന്റെ പ്രയോജനം ഉള്ളൂ എന്നറിയുമ്പോളാണ്‌ ഇതിലെ ക്രൂരത മനസ്സിലാവുന്നത്‌.

65 വയസ്സിലെ പെൻഷൻ കിട്ടൂ എന്ന അവസ്ഥ വന്നാൽ എന്തു സംഭവിക്കും. 55 വയസ്സിൽ പിരിയുന്നവൻ 50 വയസ്സ്‌ തൊട്ട്‌ പ്‌ളാനിങ്ങ്‌ ആരംഭിക്കും. അതായത്‌ പെൻഷൻ പറ്റി അടുത്ത പത്തു കൊല്ലം എങ്ങിനെ ജീവിക്കും എന്നതിനെപ്പറ്റി. അതോടുകൂടി പെൻഷൻ പറ്റുന്നവർ വീട്ടിൽ അടച്ചു കെട്ടിയിരിക്കാതെ എന്തെങ്കിലും ജോലിയിൽ ഏർപ്പെടും. അതു മൊത്തം എക്കോണമിയെ പോസിറ്റിവ്‌ ആയി സ്വാധീനിക്കും. ഇതുകൊണ്ടുള്ള മറ്റൊരു മെച്ചം ജോലിയെ സംബന്ധിച്ചുള്ള പരമ്പരാഗത ധാരണകളിൽ വലിയ മാറ്റം വരും. ഒരു ഉദാഹരണം പറയാം.

കലക്റ്റർ ആയി പിരിയുന്ന വ്യക്തി പെൻഷൻ പറ്റിയതിനു ശേഷം സ്വന്തം ഔദ്യോഗിക ജീവിതത്തിലെ വീരസാഹസികതകളെപ്പറ്റി നെടുങ്കൻ ലേഖനങ്ങൾ എഴുതി വായനക്കാരന്റെ നെഞ്ചത്ത്‌ കയറുന്നതിനു പകരം ഒരു തട്ടുകട കച്ചവടം തുടങ്ങുന്നു എന്ന്‌ വിചാരിക്കുക. അതോടു കൂടി തട്ടുകട കച്ചവടത്തിലോട്ട്‌ കൂടുതൽ അഭ്യസ്തവിദ്യർ കടന്നുവരും. അധികാരമുള്ളവൻ ചെയ്യുന്നത്‌ അനുകരിക്കുക സമൂഹത്തിന്റെ പൊതുസ്വഭാവമാണ്‌. പോലീസ്‌ കമ്മീഷണർ ആയി പിരിയുന്ന വ്യക്തി ഒരു തെങ്ങുകയറ്റ തൊഴിലാളി ആയി മാറുന്നു എന്നു വിചാരിക്കുക. അതോടു കൂടി തെങ്ങിൽ കയറാൻ ആളുകൾ പിന്നെ ക്യു ആയിരിക്കും. ഏതു ജോലിയും ആർക്കും ചെയ്യാം എന്ന അവസ്ഥ. നിർവാണം എന്നാൽ ഒരു ഗവേണ്മന്റ്‌ ജോലി കിട്ടുക എന്നതാണെന്നു ധരിച്ചു വശായ ഒരു സമൂഹത്തിന്റെ തലയ്ക്ക്‌ കിട്ടുന്ന ഒരു വലിയ അടി കൂടിയായിരിക്കും ഇത്‌.

പത്തു കൊല്ലം പെൻഷൻ കൊടുക്കാതിരിക്കുന്നതോടു കൂടി പൊതു ഖജനാവിൽ ധാരാളം കാശു വരും. ഇത്‌ ഇൻഫ്രാസ്ട്രച്ചർ ഡെവെലപ്പ്‌മെന്റിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നതിനും ഉപയോഗിച്ചു കൂടെ?.

മൊത്തം എക്കോണമിയിൽ പോസറ്റീവായ സ്വാധീനം, സോഷിലിസത്തിലോട്ടുള്ള അവസാനത്തെ കാല്‌വെപ്പ്‌, തൊഴിൽ സങ്കൽപ്പങ്ങളിൽ സമൂലമായ മാറ്റം, അങ്ങിനെ വിപ്ലവത്തിന്റെ ഒരു കത്രീന തന്നെ പെൻഷൻ പ്രായം(കൊടുക്കന്ന) കൂട്ടുന്നതു കൊണ്ടു സംഭവിക്കും.

14 Comments:

 • :)

  By Blogger സു | Su, at 3:00 PM  

 • അടിപൊളി ഐഡിയ. ഇത്‌ പകടനപത്രികയിലുള്ള പാര്‍ട്ടിക്ക്‌ എന്റെ വോട്ട്.

  By Blogger സിബു::cibu, at 2:24 AM  

 • നല്ല കാര്യം. പക്ഷേ ഈ ബ്ലോഗ്‌ പെൻഷൻ പറ്റാൻ കാത്തിരിക്കുന്നവർ കണ്ടാൽ വല്ല കടും കയ്യും ചെയ്താൽ വിധവ പെൻഷനും അനന്തരാവകാശിക്ക്‌ ജോലിയും ആവും ഫലം.

  By Blogger കേരളഫാർമർ/keralafarmer, at 6:26 AM  

 • എം പി നാരായണപിള്ളക്കു ശേഷമാർക്കും ആംഗിൾ മാറ്റിക്കാണുന്ന മൂന്നാം കണ്ണ് കിട്ടിയിട്ടില്ലെന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. ക്രെയേറ്റീവ് തിൻകിങ് അന്യം നിന്നു പോയിട്ടില്ല, ഭാഗ്യം.

  കള്ളു വിറ്റും ഭാഗ്യക്കുറി നടത്തിയും കൌടില്യന്റെ അർത്ഥ ശാസ്ത്രത്തിൽ പറയുന്ന 18 അടവും പയറ്റിയുമുണ്ടാക്കുന്ന കാശത്രയും സ്വന്തം മെഷീനറി പ്രവർത്തിപ്പിക്കാൻ ചിലവാകുന്നത് കഷ്ടം, പക്ഷേ ഒരു തൊഴിലുടമ എന്ന നിലക്ക് P. F പിടിക്കാനും അടക്കാനും അതിൽ നിന്നു കടം കൊടുത്ത് പലിശ പിരിക്കാനുമൊക്കെ സർക്കാരിനുള്ള ബാദ്ധ്യത ഓട്ടുകമ്പനി മുതലാളിക്കുള്ളതുപോലെ തന്നെയല്ലേ?
  ആ നിലക്ക് പണ്ടാറക്കാലനു വയ്യാണ്ടാവുന്നതു വരെ ജോലി ചെയ്യിക്കുകയല്ലേ വേണ്ടത്? (പുത്തൻ തലമുറ പീയെസ്സീ ടെസ്റ്റ് എഴുത്തു നിറുത്തി തൂമ്പാപ്പണിയോ കമ്പ്യൂട്ടറിൽ പണിയോ പഠിക്കുകയും ചെയ്യും)

  By Blogger ദേവന്‍, at 4:16 PM  

 • സുന്ദരസ്വപ്നങ്ങൾ കണ്ടുകൂട സഖാവേ!

  3% പോരേ? നഞ്ചെന്തിനു നാനാഴി?
  ഒടുവിൽ ഈ 3% ആണ് വേറെ ആരെക്കാളും നമ്മുടെ ഭാഗധേയങ്ങളിൽ സ്വാധീനം ചെലുത്തുന്നത്.

  ഈയുള്ളവന്റെ തലമണ്ടയിൽ ഇങ്ങനെയും തോന്നാറുണ്ടായിരുന്നു: ആദ്യം 10 കൊല്ലത്തേക്കു മാത്രം ധാരണയുള്ള ഒരു കരാറായിരിക്കണം സർക്കാർ ജോലി. പിന്നെ മിടുക്കു കാണിച്ചവർക്കു മാത്രം 10 കൊല്ലം വെച്ചു നീട്ടിക്കൊടുക്കാം. തൊഴിലില്ലാത്ത പുതിയ അഭ്യസ്തവിദ്യർക്കും യോഗ്യതയനുസരിച്ച് ഇടയിൽ കേറാൻ അവസരം വേണം.

  സർക്കാരുദ്യോഗസ്ഥന്മാർക്കു മാത്രമായി പെൻഷൻ വേണ്ട, പകരം ഉദാരമായ പ്രോവിഡന്റു ഫണ്ടുകൾ വേണം. പെൻഷൻ എല്ലാ വയോജനങ്ങൾക്കും ലഭിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമുള്ള ഒരു കാര്യമായിരിക്കണം. (നീണ്ട ചർച്ചകളിലൂടെ വേണം മാനദണ്ഡങ്ങൾ തീരുമാനിക്കൽ)

  പ്രൊഫഷണൽ കോളേജുകളിലും മറ്റും നീർക്കോലി മൂത്ത നീർമണ്ഡലികളുടെ ഇടയിൽ അവർ കൂടാതെ, യഥാർത്ഥമായ തൊഴിൽപ്രാവീണ്യം അറിഞ്ഞിട്ടും തെളിയിച്ചിട്ടുമുള്ള തലമൂത്ത യോഗ്യരേയും കൊണ്ടുവിടണം. പത്തുവർഷം ഫീൽഡിലോ ഗവേഷണത്തിലോ ജോലിചെയ്യാത്തവരെ പ്രൊഫസറായി മൂക്കാനനുവദിക്കരുത്!


  ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ഇവിടിങ്ങനെയിരിക്കാം. പക്ഷേ നാട്ടിൽ കൊല്ലത്തിലൊരിക്കൽ അവധിക്കു പോകാൻ ഇപ്പോഴും ചെറിയൊരാശ ബാക്കിയുണ്ട്!

  By Blogger viswaprabha വിശ്വപ്രഭ, at 5:19 PM  

 • സു : )
  സിബു :)
  ചന്ദ്രേട്ടാ, അതു ശരിയാണല്ലൊ. ഇവരുടെ കലക്റ്റീവ്‌ ബാർഗൈനിങ്ങിന്റെ മുന്നിൽ ഒന്നും നടക്കില്ല

  ദേവനെ,

  വി കെ ൻ സാഹിത്യം കലക്കിക്കുടിച്ച താങ്കളുടെ കമന്റുകൾ ഞാൻ നെഞ്ചോടു ചേർത്തു പിടിക്കുന്നു.
  ജോലിയുടെ കാര്യം പറയുകയാണെങ്കിൽ ഈ താപ്പാനകളേ എത്രയും നേരത്തെ സർവീസിൽ നിന്നും പറഞ്ഞയക്കുന്നതല്ലെ നല്ലത്‌?

  By Blogger rathri, at 5:21 PM  

 • വിശ്വം,

  താങ്കൾ പറഞ്ഞത്‌ എത്ര ശരി. നമ്മുടെ എഴുത്തുകാരിൽ ഭൂരിഭാഗവും സർക്കാർ ജോലിക്കാരായതിനാൽ ആകാം ഇതൊന്നും ആരും പുറത്തു പറയാത്തത്‌

  By Blogger rathri, at 5:28 PM  

 • വളരെ സീരിയസ്സായി ചിന്തിക്കേണ്ട വിഷയം തന്നെ!
  കൃസ്തുമസ് ആശംസകൾ പ്രിയ രാത്രി!

  By Blogger കലേഷ്‌ കുമാര്‍, at 12:13 AM  

 • സ്വർണം മുതൽ എല്ലാത്തിന്റെയും വിലയിൽ വന്ന വർധനവ്‌ ശമ്പളവർധനവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന്‌ പറയേണ്ടവർ പോലും സർക്കാർ ജീവനക്കാരല്ലെ. എന്തായാലും രാത്രീഞ്ചരൻ അവതരിപ്പിച്ച വിഷയം ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്‌. ജോലിചെയ്യാതെ ശമ്പളം പറ്റുന്നവരും ഉണ്ട്‌ എന്ന കാര്യം ഇതിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
  "Wish you Merry Cristmas and Happy New Year"

  By Blogger കേരളഫാർമർ/keralafarmer, at 6:15 AM  

 • രാത്രിഞ്ചരൻ പറഞ്ഞത്‌, വളരെ ശരി.

  'wish u a happy x'mas'

  By Blogger വിശാല മനസ്കന്‍, at 9:22 AM  

 • രാത്രീ..
  പറഞ്ഞത്‌ ഉഗ്രൻ ഐഡിയ ആണ്‌..
  പക്ഷെ
  "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന മട്ടിൽ പെൻഷനായ മൂപ്പിൽസിനെ കടത്തി വെട്ടി സർക്കാർ കസേരയിൽ ഇരുന്നും,കിടന്നും,തൂങ്ങിയും 8 മണീക്കൂർ ജോലിയുടെ 7.45 മണിക്കൂറും അർമാദിച്ച്‌ തള്ളിനീക്കുന്ന സർക്കാർ ജീവനക്കാരൻ ഇത്‌ കേട്ടാൽ ആദ്യം പായുമെടുത്ത്‌ ഓടും ...
  സെക്രട്ടേറിയേറ്റിന്റെ മുന്നിൽ കുത്തിയിരിക്കാൻ..!

  By Blogger വര്‍ണ്ണമേഘങ്ങള്‍, at 5:37 PM  

 • കലേഷ്‌, ചന്ദ്രേട്ട,വിശാലം, മേഘം, എല്ലാവർക്കും പുതുവത്സരാശംസകൾ:)

  By Blogger rathri, at 6:22 PM  

 • തികച്ചും വ്യത്യസ്തമായ ഒരു ആശയം.നടപ്പിലാക്കിയാല്‍ വളരെയധികം നല്ലതാണ്‌. പക്ഷെ ഇതു കേരളത്തെ ഉദ്ദേശിച്ചാണോ?

  എന്റെ സുഹൃത്തെ കൃത്യസമയത്ത്‌ ജോലിക്ക്‌ ഹാജരാകുന്നതു പരിശോധിക്കാന്‍ പഞ്ചിംഗ്‌ മെഷീന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ സമരം ചെയ്തു ആ "കരിനിയമം" പിന്‍ വലിപ്പിച്ച സര്‍ക്കാര്‍ജോലിക്കാരുള്ള നാടാണ്‌ നമ്മുടേത്‌.നമ്മുടെ നാട്ടിലെ ഗതാഗത സൗകര്യങ്ങളും മറ്റും സമയത്തിനെത്താന്‍ തക്ക വിധമല്ലത്രെ. സ്വകാര്യമേഘലയില്‍ ജോലിചെയ്യുന്നവര്‍ കൃത്യമായി ജോലിക്ക്‌ ഹാജരാകുന്നതു ഇതേകേരളത്തില്‍ തന്നെ.സമയത്തിനു ജോലിക്ക്‌ ഹാജരാകുവാനോ ഡൂട്ടിസമയം മുഴുവന്‍ ജോലിസ്ഥലത്തു ഉണ്ടായിരിക്കാനോ തങ്ങള്‍ക്ക്‌ പറ്റിലാ എന്നുള്ള പരസ്യമായ പ്രഖ്യാപനങ്ങളായിരുന്നു അവരുടെ സമരങ്ങള്‍. ബ്യൂറൊക്രസിയെ മറികടക്കാന്‍ ആജ്ഞാശക്തിയില്ലാത്ത ഭരണകര്‍ത്താക്കള്‍ പഞ്ചിങ്ങ്‌ മെഷീനെ പിന്‍ വലിക്കയല്ലാതെ എന്തു ചെയ്യാന്‍.

  നിലവാരമുള്ള പോസ്റ്റുകള്‍, താങ്കള്‍ക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു.

  By Blogger paarppidam, at 8:13 PM  

 • രാത്രിയോട്‌ ഈ അങ്കിള്‍ പകലെഴുതുന്നതെന്തന്നാല്‍....
  രസമുണ്ട്‌ വായിക്കാന്‍. ആ രസത്തില്‍ പലരും പങ്കുചേരുന്നുമുണ്ട്‌. എന്നാലും താങ്കളുടെ "55 വയസ്സിൽ പെൻഷൻ പറ്റുന്ന വ്യക്തി 85 വയസ്സ്‌ വരെ ജീവിച്ചിരുന്നാൽ അയാളെ തീറ്റിപ്പോറ്റേണ്ട ഗതികേട്‌ ജനങ്ങളുടെ തലയിലാണ്‌." വാചകത്തിന്‌ ഒരു വിശദീകരണമാവിശ്യമാണ്‌.
  പെന്‍ഷന്‍ എന്നത്‌ ഒരു ഔദാര്യമല്ല. സര്‍ക്കാര്‍ ശംബളസ്കെയില്‍ നിശ്ചയിക്കുന്നത്‌ തന്നെ ആ സ്കെയിലിന്‌ വേണ്ടിവരുന്ന പെന്‍ഷന്‍ തുകകൂടി കണക്കിലെടുത്തതിന്‌ ശേഷമാണ്‌. അല്ലെങ്കില്‍ scales of pay ഇതിലും വളരെ വലുതായിരുന്നേനേ. കൊള്ളാം, പറ്റുമായിരുന്നെങ്കില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ എന്നേ ഈ പരിപാടി നിര്‍ത്തിക്കളഞ്ഞേനേ.

  By Blogger അങ്കിള്‍., at 10:12 AM  

Post a Comment

<< Home