രാത്രി

Monday, October 17, 2005

അപ്പടിയാനാൽ ശൈലജ പൊയ്യാ?

മാതൃഭൂമി പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ശൈലജ എന്നു പേരുള്ള ഒരു തമിഴ്‌ പരിഭാഷകയുമായുള്ള അഭിമുഖത്തിൽ നിന്ന്‌.

സാഹിത്യത്തിന്റെ കാര്യത്തിൽ തമിഴും മലയാളവും തമ്മിലൊന്നു താരതമ്യം ചെയ്യാമൊ?

ശൈലജ: "തമിഴ്‌ മലയാളത്തെക്കൾ വളരെയധികം മുന്നിലാണ്‌. ............സാഹിത്യപരമായി മലയാളമിപ്പൊഴും പുറകിലാണ്‌."

ഇത്‌ വളരെ വിചിത്രമായ ഒരു അഭിപ്രായമായിട്ടാണ്‌ ഈയുള്ളവനു തോന്നിയത്‌. അടുത്ത കാലത്ത്‌ അന്തരിച്ച സുന്ദരരാമസ്വാമി കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഗൌരവമേറിയ സാഹിത്യത്തിന്‌ തമിഴിൽ ലഭിക്കുന്ന പരിതാപകരമായ അവസ്ഥയെപ്പറ്റി ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്‌ ഓർക്കുന്നു. ഒരു പുളിമരത്തിൻ കതൈ എന്ന നോവൽ കേവലം എഴുനൂറു കോപ്പിയാണ്‌ വിറ്റുപോയത്‌ എന്നു അദ്ദേഹം പരിതപിച്ചിരുന്നു. അഞ്ചു കോടി ജനങ്ങൾ ഉള്ള ഒരു സംസ്ഥാനത്ത്‌ ഒരു നല്ല സാഹിത്യകാരന്റെ കൃതി 700 കോപ്പി വിറ്റു പോകുന്നതു തീർച്ചയായും സാഹിത്യത്തിന്റെ ഗരിമയെ തന്നെയാണ്‌ കാണിക്കുന്നത്‌. ഖസാക്കിന്‌ മലയാളത്തിൽ മുപ്പതിൽപ്പരം പതിപ്പ്‌ ഉണ്ടായി എന്നും നമുക്കിവിടെ ഓർക്കാം.

സാദത്ത്‌ ഹസ്സൻ മന്റൊ തുടങ്ങി സാവിത്രി റോയ്‌ വരെയുള്ളവരുടെ കൃതികൾ മലയാളത്തിൽ തർജമ ചെയ്യപ്പെട്ടപ്പോൾ എന്തുകൊണ്ടാണ്‌ തമഴിൽ നിന്നുള്ള കൃതികൾ ശുഷ്കമായിപ്പോയത്‌. തമിഴിൽ സാഹിത്യമോ എന്ന്‌ പണ്ടു ജി എസ്‌ പ്രദീപ്‌ തന്റെ അശ്വമേധം പരിപാടിയിൽ ചോദിച്ചതാണ്‌ ഇവിടെ ഓർമ വരുന്നത്‌.

ശൈലജയുടെ നിന്തിരുവടികളിൽ നിന്നും നമുക്കു ഇനി തമിഴിലേക്കു മലയാള കൃതികൾ വിവർത്തനം ചെയ്യുന്ന കുറിഞ്ചിവേലൻ എന്ന പരിഭാഷകൻ മാതൃഭൂമിക്കു തന്നെ കൊടുത്ത ഇന്റർവ്യൂ കൂടി ഇവിടെ വായിക്കാം. കുരിഞ്ചിവേലനോട്‌:

മലയാള സാഹിത്യത്തെപ്പറ്റി എന്തു തോന്നുന്നു:

കുറിഞ്ചിവേലൻ: "പഴയകാല തമിഴ്‌ സാഹിത്യവും മലയാള സാഹിത്യവും ഏതാണ്ട്‌ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ഇന്നു മലയാള സാഹിത്യം തമിഴിനെക്കാൾ വളരെ മുന്നിലാണ്‌. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ തമിഴ്‌ നോവലുകളെക്കാൾ മലയാളം നോവലുകൾ ഏകദേശം പത്തു വർഷം മുന്നിലാണെന്നു പറയാം."

അപ്പടിയാനാൽ ശൈലജ പൊയ്യാ?

ശൈലജ സത്തിയാം താൻ

അതെപ്പടി?

സത്തിയം പലത്‌!!!!!!!!!!!!

15 Comments:

  • ഇതു വായിച്ചുകൊണ്ടിരിക്കെ ഞാൻ എന്റെ സഹപ്രവർത്തകൻ അണ്ണനോട് ചോദിച്ചു, “ഒരു പുളി മരത്തിൻ കതൈ പഠിച്ചിരിക്കാ”യെന്ന്? അണ്ണൻ എന്തു പുളി എന്നെല്ലാമായി. എന്റെ തമിഴിന്റെ ഗുണമാവുമെന്നു് കരുതി ഞാൻ രാമസ്വാമിയുടെ പേരു് ശൊല്ലി. അപ്പോഴും അണ്ണന്റെ റെസ്പോൺസ് തഥൈവ. സഹികെട്ട് ഞാൻ ചോദിച്ചു, “അണ്ണാ റീസന്റ് ആയി ശത്തുപോയ പ്രധാന തമിഴ് മനിതൻ യാര്?”

    അണ്ണൻ കൂളായി മറുപടി സൊല്ലി: “വീരപ്പൻ“

    By Blogger രാജ്, at 2:53 PM  

  • കുറേ നാളുകൾക്കുശേഷം രാത്രിയുടെ പോസ്റ്റ് വായിച്ചതിൽ സന്തോഷമുണ്ട്!

    വിഷയത്തിൽ അഭിപ്രായം പറയാൻ വേണ്ടത്ര വിവരമില്ലാത്തതിനാൽ സന്തോഷം രേഖപ്പെടുത്തി പിൻ‌വാങ്ങുന്നു...

    By Blogger Kalesh Kumar, at 4:57 PM  

  • രാത്രി :)

    By Blogger സു | Su, at 5:31 PM  

  • തമിഴില്‍ നിന്ന് അമ്പതോളം കവിതകള്‍ മൊഴിമാറ്റം ചെയ്യാന്‍ ഒരാളെ ഞാന്‍ സഹായിച്ചിട്ടുണ്ട്. മൊഴിമാറ്റിയ ആ പുത്തകം ഒരു പ്രമുഖ പ്രസിദ്ധീകരണശാല പുറത്തിറക്കുകയും ചെയ്തു. തമിഴ് സാഹിത്യത്തിന്‍റെ അവസ്ഥയറിയാന്‍ ഉള്ള കൊതി കൊണ്ടാണ് ഞാനാ സാഹസത്തിന് മുതിര്‍ന്നത്. അഞ്ചു പൈസക്ക് കൊള്ളാത്ത കവിതകളാണ് തമിഴില്‍ വന്നുകൊണ്ടിരിക്കുന്നത് എന്ന് നെഞ്ചിലടിച്ച് സത്യം ചെയ്യാന്‍ എനിക്കാവും. കമലാഹാസന്‍റെ പത്തോളം കവിതകള്‍ മൊഴിമാറ്റം ചെയ്ത സംഭവം കൂടി പറയട്ടെ. എന്‍റെയൊരു കൂട്ടുകാരിയാണ് ഈ പ്രൊജക്റ്റ് എനിക്കു തന്നത്. മൂന്നു കവിതകള്‍ മൊഴിമാറ്റം ചെയ്ത്, കൂട്ടുകാരി വഴി ഞാന്‍ കമലിനെ കാണിച്ചു. ഇപ്പണി നിര്‍ത്തിക്കോളാന്‍ കമല്‍ പറയുകയും ചെയ്തു. ആലോചിച്ചു നോക്കുമ്പോള്‍ തെറ്റ് എന്‍റേതായിരുന്നു എന്ന് തോന്നുന്നു. അയാളുടെ ചറപറാ ഗദ്യം എങ്ങിനെയെങ്കിലും കവിതയാക്കണം എന്ന എന്‍റെ വഴിവിട്ട കൊതിയായിരുന്നു ആ തെറ്റ്.

    By Anonymous Anonymous, at 7:02 PM  

  • അത്യത്തില്‍ രാത്രീ ഖസാക്കിന്റെ ഇതിഹാസമൊക്കെതന്നെ ഇത്രയും കോപ്പികള്‍ വിറ്റഴിഞിട്ടുള്ളൂ. പിന്നെ ഇപ്പോ നളിനി ജമീലയും. എം.പി.പരമേശ്വരന്റെ കൂട്ടണ്ട അതൊരു സാഹിത്യമല്ലല്ലൊ. പുതിയ എത്ര നോവലുകള്‍ അങനെ വന്നിട്ടുണ്ട്‌? കവിതകളോ? പിന്നെ നമ്മുടെ ആള്‍ക്കാര്‍ അനുകരണത്തില്‍ മുന്‍പരാണല്ലോ, അപ്പോ പിന്നെ പുതിയ സ്റ്റൈല്‍ സാഹിത്യത്തില്‍ വന്നിട്ടുണ്ടാകാം. പക്ഷെ ആസ്വാദനം കഷ്ടി മാത്രം. ശരിയല്ലേ?
    ശൈലജ പറയുന്നതിനും വലിയ അര്‍ഥമില്ല എന്ന കാര്യം സമ്മതിച്ചിരിക്കുന്നു. -സു-

    By Anonymous Anonymous, at 8:11 PM  

  • അറ്റൂർ വിവർത്തനം ചെയ്ത തമിഴ്‌ കവിതകളുടെ സമാഹാരം വായിച്ചിട്ടുണ്ടോ? തമിഴ്‌ കവിതകൽ ഒരുപിടി മുന്നിൽ തന്നെയല്ലേ?

    By Anonymous Anonymous, at 10:31 AM  

  • പെരിങ്ങോടരെ,

    ഇത്ര രസകരമായ ഒരു അനുബന്ധം പ്രതീക്ഷിച്ചില്ല :)

    കലേഷ്‌ :)
    സു :)

    ബെന്നി,

    ബ്ലോഗ്‌ സന്ദർശിച്ചതിനു നന്ദി. താങ്കളുടെ ബ്ലോഗ്‌ വായിക്കാറുണ്ട്‌. പണ്ടത്തെ കലാകൌമുദി വായിക്കുന്ന പ്രതീതിയാണൂ താങ്കളുടെ ബ്ലോഗ്‌ വായിക്കുമ്പോൾ. ആ തകർപ്പൻ ഭാഷ :)


    സുനിൽ :)

    By Anonymous Anonymous, at 4:39 PM  

  • രാത്രിഞ്ചരോ?

    കുറേ നാളായല്ലോ കണ്ടിട്ട്?

    ഇടയ്ക്കിടെ എഴുതണേ..!!

    വേർഡ് വേരിഫിക്കേഷനും ഒന്ന് ഓണാക്കിയാൽ ഉഷാർ..!!

    :)

    --ഏവൂരാൻ.

    By Blogger evuraan, at 8:25 AM  

  • ഏവൂരാനെ,
    ഞാൻ ഇവിടെ ഉണ്ടേ. ബ്ലോഗുകൾ എല്ലാം വായിക്കാറുണ്ടു. സമയക്കുറവ്‌ കാരണം കമന്റ്‌ വെക്കാറില്ല എന്നേ ഉള്ളൂ.

    By Anonymous Anonymous, at 5:56 PM  

  • :)

    By Blogger വര്‍ണ്ണമേഘങ്ങള്‍, at 5:09 PM  

  • രാത്രി,

    വിറ്റഴിയുന്ന പ്രതികളുടെ കണക്കുനോക്കി സാഹിത്യന്‍റെ മേന്മയളക്കുന്നത്‌ സാഹസമല്ലേ. ആകെ അഞ്ഞൂറു വായനക്കാരേ ഉള്ളുവെങ്കിലും തമിഴ്‌ എഴുത്തുകാര്‍ ഇത്രയൊക്കെ ചെയ്യുന്നുണ്ടല്ലോ. ഇവിടെ നമ്മള്‍ 3000 പ്രതികള്‍ വാങ്ങിക്കൂട്ടിയിട്ടും മേന്മയേറിയതൊന്നും കുറേനാളായി കിട്ടുന്നില്ല. ഖസാക്ക്‌ വേറിട്ടതുതന്നെ. പക്ഷേ പിന്നീടു വന്നവരെല്ലാം ഖസാക്കിന്‍റെ മുറ്റത്തും പുറമ്പോക്കിലുമൊക്കെ നിന്നു കറങ്ങുകയല്ലേ?. എന്‍റെ ചെറിയ വായനക്കിടയില്‍ ഖസാക്കിയന്‍ ശൈലിവിട്ടു നടന്ന 2 നോവലുകളേ ആകെ കണ്ടെത്തിയുള്ളു. വി ജെ ജയിംസിന്‍റെ 'ചോരശാസ്ത്രവും' ടി ഡി രാമകൃഷ്ണന്റെ 'ആല്‍ഫ'യും. എന്‍റെ ചെറിയ സംശയം ഇതാണ്‌. ചാരുനിവേദിതയുടെ 'സീറോ ഡിഗ്രി' പോലൊന്ന് മലയാളത്തില്‍ പിറക്കാന്‍ എത്രനാള്‍ കാത്തിരിക്കണം.?

    By Blogger Manjithkaini, at 8:45 PM  

  • ശൈലിയാണോ മൌലികതയാണോ പ്രധാനം? ഖസാക്കിന്റെ ഇടവഴിയിലൂടെ നടന്നവരില്‍ പലരും രവിയെപോലെയല്ല ചിന്തിക്കുന്നത് - ബെന്നി അയാളുടെ ബ്ലോഗില്‍ ഈയടുത്ത് സര്‍ഗ്ഗാത്മകതേയും സാഹിത്യത്തേയും നാരായണപ്പിള്ളയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അവയുടെ പ്രകടമായ വ്യത്യാസത്തെ കുറിച്ചു് എഴുതിയതു് വായിക്കപ്പെടേണ്ടതാണു്.

    വ്യത്യസ്ത കാലഘട്ടങ്ങളില്‍ എഴുതപ്പെട്ട “ഖസാക്കിന്റെ ഇതിഹാസവും” “ആയുസ്സിന്റെ പുസ്തകവും” “ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളും” വായനയ്ക്ക് തിരഞ്ഞെടുക്കുമ്പോള്‍ വ്യക്തമായി കാണാവുന്ന ഏകതാനസ്വഭാവമുണ്ട്; ഖസാക്കിനു് പിന്‍‌തുടര്‍ന്നു വന്ന രണ്ടു കൃതികളും സംസാരഭാഷയുടെ വൈവിധ്യങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ കാണുന്ന വിവരണശൈലി ഖസാക്കിന്റേതുമായി വളരെ സാമ്യമുള്ളതാണു്. ഈ ഒരു കാര്യം കൊണ്ടുമാത്രം ഈ കൃതികളെയൊന്നിനേയും ഖസാക്കിന്റെ വഴിത്താരകളില്‍ തളച്ചിടുവാന്‍ കഴിയുകയില്ല. സ്പഷ്ടമായ മൌലികത വായനക്കാരനു് അത്രപെട്ടെന്നു് വിസ്മരിക്കാനാവുമോ? മഞ്ജിത് എഴുതിയ രണ്ടു് കൃതികളും ഞാന്‍ വായിച്ചിട്ടില്ല, അതുകൊണ്ടു് തന്നെ മഞ്ജിത് ഉദ്ദേശിച്ചതു് ഞാന്‍ തെറ്റായി വ്യാഖാനിച്ചതുമാവാം.

    By Blogger രാജ്, at 10:01 PM  

  • പെരിങ്ങോടന്‍,

    ശൈലിയോ മൌലികതയോ മുഖ്യമെന്നു ചോദിച്ചാല്‍ മൌലികത തന്നെ. അതിലാര്‍ക്കും സംശയമുണ്ടന്നു തോന്നുന്നില്ല. മൌലികതയ്ക്കടിസ്ഥാനം ചിന്തയാണു താനും. ഈ അളവുകോലില്‍ നിന്നു നോക്കുമ്പോള്‍ ആയുസിന്‍റെ പുസ്തകത്തിന്‌ ഒരു പ്രത്യേക സ്ഥാനമുണ്ട്‌. പക്ഷേ, ലന്തന്‍ബത്തേരിയുടെ മൌലികത, അദ്ദേഹത്തിന്‍റെ ചെറുകഥകളോടുള്ള അടുപ്പവും ആരാധനയും നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ, പ്രിയദര്‍ശന്‍ സിനിമകളുടെ മൌലികതയ്ക്കു തുല്യമാണ്‌.(പോഞ്ഞിക്കര റാഫിയുടെ ഓരാ പ്രോനോബിസ്‌ വായിക്കുക).

    ഖസാക്കിനുശേഷം മലയാളത്തില്‍ മൌലിക കൃതികളൊന്നും പിറന്നില്ല എന്നു പറയുന്നതും വിഢിത്തം തന്നെ. ഞാനങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പക്ഷേ കാതലായ പ്രശ്നം മറ്റൊന്നാണ്‌. മലയാളി, എഴുത്തുകാരും വായനക്കാരും, ചിന്തയേക്കാള്‍ ക്രാഫ്റ്റിന്‌ പ്രാധാന്യം നല്‍കിയില്ലേ എന്നു സംശയിക്കുന്നവനാണ്‌ ഞാന്‍. അങ്ങനെനോക്കുമ്പോള്‍ ഖസാക്കിന്‍റെ ക്രാഫ്റ്റും അതിനൊപ്പം ചിന്തയും പിന്തുടരാന്‍ ആളുണ്ടായതില്‍ അല്‍ഭുതം വേണ്ട. വിജയന്‍റെ തന്നെ ധര്‍മ്മപുരാണത്തിന്‌ പിന്തുടര്‍ച്ചക്കാരില്ലാതെ വന്നതിനും വേറേ കാരണം തിരയേണ്ട. ക്രാഫ്റ്റിനൊപ്പം സഞ്ചരിക്കാന്‍ എളുപ്പമാണെന്നാണ്‌ എന്‍റെ പക്ഷം. പക്ഷേ, ഉയര്‍ന്ന ചിന്തയ്ക്കൊപ്പം നടക്കുക, അതല്‍പ്പം പിടിപ്പതു പണിയാണ്‌. വി. കെ. എന്‍. കൃതികള്‍ അധികം വായിക്കപ്പെടാത്തതിനും അനുകരിക്കപ്പെടാത്തതിനും കാരണം മറ്റെന്താണ്‌?

    By Blogger Manjithkaini, at 1:05 AM  

  • ലന്തന്‍ ബത്തേരിയെ കുറിച്ചും പോഞ്ഞിക്കര റാഫിയുടെ “ഓരാ പ്രൊ നോബിസ്” നെ കുറിച്ചും പണ്ടൊരാള്‍ മലയാളവേദിയില്‍ എഴുതിയിരുന്നു. മഞ്ജിത് ആവുമതെന്ന ഊഹം എനിക്കുണ്ടായിരുന്നു, അതുകൊണ്ടു് തന്നെയാണു് ലന്തന്‍ ബത്തേരിയുടെ ഉദാഹരണം എടുത്തെഴുതിയത്. ora pro nobis വായിച്ചിട്ടില്ലാത്തതു് കാരണം അതിനെ കുറിച്ചു് ഞാന്‍ അഭിപ്രായപ്പെടുന്നതു് ശരിയല്ല.

    പുഴ.കോമില്‍ നിന്നു് ഓരാ പ്രൊ നോബിസ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്, എന്നുകിട്ടുമോ ആവോ!

    By Blogger രാജ്, at 2:00 AM  

  • മഞ്ജീത്ത്‌,

    മലയാളത്തിൽ നിന്നു തമിഴിലോട്ടു തർജ്ജമ ചെയ്യുന്ന രണ്ടു പേരുടെ അഭിപ്രായത്തിലെ വൈരുധ്യം എടുത്തു കാട്ടി എന്നെ ഉള്ളൂ. തമിഴിനോടുള്ള ദേഷ്യം കൊണ്ടുമൊന്നുമല്ല. പൊതുവേ മലയാളത്തിലോട്ടു തമിഴ്‌ കൃതികൾ കുറച്ചേ തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ളൂ എന്നു തോന്നുന്നു. അതിൽ തന്നെ വളരെ കുറച്ചു കൃതികളെപ്പറ്റിയെ നല്ല അഭിപ്രായവും കേട്ടിട്ടുള്ളൂ. കന്നടയിൽ നിന്നും മറാട്ടിയിൽ നിന്നും ബംഗാളിയിൽ നിന്നുമെല്ലാം ധാരാളം എഴുത്തുകാരുടെ കൃതികൾ മലയാളത്തിലോട്ടു വന്നപ്പോൾ ഭാഷാപരമായി അടുത്ത ബന്ധമുള്ള തമിഴിൽനിന്നും കാര്യമായി കൃതികൾ എന്തുകൊണ്ടു വന്നില്ല എന്നു ആലോചിച്ചിട്ടുണ്ടു.

    ധർമ്മപുരാണത്തെ പറ്റി താങ്കൾ പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്‌. രാഷ്ട്രീയ അശ്ലീലം തിടം വെച്ചു വരുന്ന ഈ കാലത്ത്‌ എന്തുകൊണ്ട്‌ വിജയൻ തുടങ്ങി വെച്ചത്‌ മറ്റുള്ളവർ മുന്നോട്ടൂ കൊണ്ടുപോയില്ല എന്നും ആലോചിച്ചിട്ടുണ്ട്‌. എം ടി യിൽ തുടങ്ങി വി കെ ന്നിൽ അവസാനിക്കുന്ന മലയാള വായനയുടെ ട്രജക്ടറിക്കു ഒരു മാറ്റത്തിനുള്ള സമയമായോ എന്നും സംശയം.

    ബ്ലോഗ്‌ സന്ദർശിച്ചതിനു നന്ദി.

    By Anonymous Anonymous, at 1:00 PM  

Post a Comment

<< Home