രാത്രി

Sunday, June 26, 2005

ചേലക്കരയുടെ കഥാകാരനെ പറ്റി പെരിങ്ങോടരോടു ചോദിച്ചതിന്റെ തുടര്‍ച്ചയാണ്‌ ഈ പോസ്റ്റ്‌. മലയാളത്തില്‍ ആധുനികത കത്തി നിന്ന കാലഘട്ടത്തില്‍ ചെറുകഥയിലെ ഗ്ലാമര്‍ ബോയ്സ്‌ ആയിരുന്നു നിര്‍മല്‍ കുമാറും മേതില്‍ രധാകൃഷ്ണനും. ഈ രണ്ടു എഴുത്തുകാരില്‍ മേതിലിനു പിന്നീട്‌ എന്തു സംഭവിച്ചു എന്നറിയില്ല. നിര്‍മല്‍കുമാര്‍ അപൂര്‍വമായി മാതൃഭൂമിയില്‍ കഥകള്‍ എഴുതാറുണ്ട്‌.

നിര്‍മല്‍കുമാറിന്റെ കഥകളെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. കാരണം പല കഥകളും വളരെ സങ്കീര്‍ണമായ ഭാഷയിലും രചനാ തന്ത്രങ്ങളിലൂം അഭിരമിക്കുന്നവയാണ്‌. പക്ഷെ ഈ എഴുത്തുകാരന്റെ ലേഖനങ്ങളെ പറ്റി പറയുമ്പോള്‍ മനോഹരം എന്നു പറഞ്ഞതിനു ശേഷം ആ വാക്ക്‌ പത്തു പ്രാവശ്യം ആവര്‍ത്തിക്കണം. അത്ര മനോഹരം ആണ്‌ ഇദ്ദേഹത്തിന്റെ ഗദ്യം.

KP കോളംസ്‌ എഴുതിയിട്ടില്ല എന്നാണ്‌ തോന്നുന്നത്‌. മലയാളത്തില്‍ MP നാരായണപ്പിള്ള കോളം എഴുതിയില്ലായിരുന്നെങ്കില്‍ അതു വലിയ നഷ്ടം ആയേനെ. അതുപോലുള്ള ഒരു നഷ്ടമാണ്‌ KP കോളം എഴുതാത്തതിനാല്‍ സംഭവിച്ചത്‌. വാക്കുകള്‍ കൊണ്ട്‌ അമിട്ടുകള്‍ തീര്‍ത്ത്‌ ഒരു വലിയ വര്‍ണപ്രപഞ്ചം സൃഷ്ടിക്കന്‍ കഴിയുന്ന KP എന്തുകൊണ്ട്‌ കോളം എഴുതിയില്ല എന്ന്‌ പലപ്പോഴും ആലോചിക്കാറുണ്ട്‌.

വാക്കുകള്‍ കൊണ്ടുള്ള ആ കളിക്ക്‌ ഒരു ഉദാഹരണം നോക്കൂ. ആധുനികതയെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയില്‍ KPയുടെ വാക്കുകള്‍:

"...മലയാള കഥയിലെ ആധുനികതയ്ക്ക്‌ എഴുത്തുകാരന്‍ കപ്പം കൊടുത്തു-സ്വന്തം യുവത്വം ചൂണ്ടിപ്പണയം വെച്ച്‌. എന്നിട്ടും, യാഥാസ്ഥിതിക നിരൂപണത്തിന്റെ ദശമുഖന്മാര്‍ പത്തു വായകൊണ്ടൂം ആധുനിക കഥാകാരനെ പഴി പറഞ്ഞു. പുറത്തുപറയാന്‍ കൊള്ളാത്ത സര്‍വവിധ കേരളീയ ഉഷ്ണരോഗങ്ങളുടെയും പാരാമെഡിക്കല്‍ ലാബ്‌ റിപ്പോര്‍ട്ടുകള്‍ അവര്‍ ആധുനികന്റെ അരഞ്ഞാണത്തില്‍ കെട്ടിത്തൂക്കി. 'കുശിനിയില്‍ കരിഞ്ഞ്‌ ചത്താല്‍ കുഴി കൂട്ടി മറവു ചെയ്യണം' എന്ന്‌ ആക്രോശിച്ചു. അപ്പോഴാണ്‌ സുമുഖനായ ഒരു ധീരയുവാവ്‌ വിരല്‍ ചൂണ്ടി 'നിര്‍ത്തൂ വിവരം കെട്ട വര്‍ത്തമാനം' എന്നു ശാസിച്ച്‌ യാഥാസ്ഥിതികന്റെ ചലിക്കുന്ന താടിയെല്ലുകളും ചിലക്കുന്ന നാവുകളും അടച്ചു പൂട്ടാന്‍ കല്‍പനയായത്‌. പിന്നെ നടന്നത്‌ വ്യാഴവട്ടം നീണ്ട ദേവാസുരയുദ്ധമായിരുന്നു. ആധുനികര്‍ക്ക്‌ ഒരു വിശ്വാസവഴിയുണ്ടെന്നു അപ്പന്‍ വിശ്വസിച്ചു. സാമ്പ്രദായികമായ സദൃശ്യവാക്യങ്ങളേയും ന്യായപ്രമാണങ്ങളേയും ആ നവ നിരൂപകന്‍ നിരന്തരം ചോദ്യം ചെയ്തു. സൌന്ദര്യബോധത്തിന്റെ സത്യപ്രഭാഷണം ആയിരിക്കണം വിമര്‍ശനമെന്നു നിഷ്കര്‍ഷിച്ചു. സ്വതന്ത്രമായ അഭിരുചിയെ പീഢിപ്പിക്കുന്ന എന്തോ ഒന്നു യഥാസ്ഥിതിക നിരൂപണത്തില്‍ ഉണ്ട്‌ എന്ന്‌ പരസ്യമായി ആരോപിച്ചു.

യാഥാസ്ഥിതകതയുടെ തോറബോറ ഗുഹകളില്‍ പൊട്ടിത്തെറി തുടങ്ങിയിരുന്നു. പരമ്പരാഗത വസ്തുനിഷ്ഠ രചനാരീതിയില്‍ നിന്നും കുതറി മാറി വായനുയുടെയും ആലോചനയുടെയും താത്വിക ബലത്തില്‍ കാവ്യാത്മകമായ നിരീക്ഷണങ്ങളിലൂടെ വിസ്മയജനകമായ ബിംബകല്‍പനകളിലൂടെ കതിനക്കുറ്റി പോലെ പൊട്ടി ദുര്‍ദ്ദേവതകളെ ഞെട്ടിപ്പിച്ച്‌, നേര്‍മൊഴികളിലൂടെ, എന്നാല്‍ രക്ഷാധികാരിയായി ചാരുകസേരയില്‍ കിടന്നു വെള്ളിച്ചെല്ലം തുറക്കാതെ, അപ്പന്‍ ആധുനികതയുടെ ലാവണ്യദേവതമാരെ കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി പരിപാലിച്ച്‌ തട്ടകം കാത്തു.........."

കഥയുടെ ജനിതകം എന്ന ലേഖനം അവസാനിക്കുന്നതു നോക്കൂ....

"....... നീരൊഴുക്കു കുറഞ്ഞ നദിയില്‍ വെളുത്ത വാവു നിറയുമ്പോള്‍, ഉച്ചപ്പൂജ കഴിഞ്ഞ്‌ നടയടച്ച ശ്രീകോവിലിനു മുന്‍പില്‍ ഏകനായി നില്‍ക്കുമ്പോള്‍, നീണ്ട സന്ധ്യകളിലെ അസ്വസ്ഥമായ കാത്തിരിപ്പില്‍ ആവര്‍ത്തിക്കാനിരിക്കുന്ന ജന്മങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍, ഓര്‍മകള്‍ ഒഴിഞ്ഞ കണ്ണുകളുമായി പ്രിയപ്പെട്ടവര്‍ പഞ്ചഭൂതങ്ങളായി മാറുമ്പോള്‍, ബാല്യപ്രണയിനിയുടെ മകളുടെ വിവാഹത്തില്‍ കാലപ്രവാഹത്തെക്കുറിച്ച്‌ ഓര്‍ത്ത്‌ പങ്കെടുക്കുമ്പോള്‍, അപ്പോഴെല്ലം എഴുത്തുകാരന്‍, സന്ദേഹവര്‍ത്തികളായ ആ തീവ്ര ജീവിത സന്ദര്‍ഭങ്ങളില്‍, വാക്കുകള്‍ക്കും സ്വാന്തനത്തിനും അനുമതിയില്ലാത്ത ഒഴിഞ്ഞ മുറികളില്‍ കുനിഞ്ഞിരുന്നും കമിഴ്ന്നു കിടന്നും ഉയരുന്ന ഇടനെഞ്ചിടിപ്പിന്റെയും വറ്റിയ ചങ്കിന്റെയും പിടിയിലമര്‍ന്ന്‌ വിങ്ങിപ്പൊട്ടുന്നുണ്ടാവണം. തൂലിക എത്ര നിസ്സരം........."

ഇത്ര മനോഹരമായി വാക്കുകള്‍ ഉപയോഗിച്ച്‌ എഴുതുന്ന എഴുത്തുകാര്‍ മലയാളത്തില്‍ അപൂര്‍വമാണെന്നു പറഞ്ഞാല്‍ ക്ഷമിക്കുക. ഇഷ്ടപ്പെട്ട കഥാകാരനെ വിശേഷിപ്പിക്കുമ്പോള്‍ നമ്മള്‍ വാക്കുകളില്‍ പിശുക്ക്‌ കാണിക്കരുതല്ലോ.

******************************
പെരിങ്ങോടരെ, താങ്കളുടെ പോസ്റ്റല്‍ അഡ്രസ്സ്‌ rathrincharan@gmail.com എന്ന വിലാസത്തില്‍ അയച്ചു തന്നല്‍ KPയുടെ കഥ പോസ്റ്റല്‍ ആയി അയച്ചു തരാം. സ്കാന്‍ ചെയ്ത്‌ e-mail മുഖാന്തരം അയക്കാന്‍ ഉള്ള ബുദ്ധിമുട്ടുകാരണം ആണ്‌ ഇതു പറയുന്നത്‌. ക്ഷമിക്കുമല്ലോ.

Saturday, June 04, 2005

ഉദയനാണ്‌ താരവും മലയാളത്തിലെ മിമിക്രി സിനിമകളും.

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഉദയാനാണ്‌ താരം എന്ന സിനിമ കണ്ടപ്പോള്‍ ഈ രണ്ട്‌ വരികളണ്‌ ഓര്‍മ വന്നത്‌. മോഹന്‍ലാലും ശ്രീനിവാസനും വയസ്സന്മാര്‍ ആയിരിക്കുന്നു എന്നും ഇവര്‍ അഭിനയം നിര്‍ത്തുന്നതാണ്‌ നല്ലതെന്നും ഈ ചിത്രം വിളിച്ച്‌ പറയുന്നുണ്ട്‌. മലയാളത്തിലെ മിമിക്രി സിനിമകളെ ഈ ചിത്രത്തില്‍ പരിഹസിക്കുന്നുണ്ട്‌. സത്യത്തില്‍ മിമിക്രി സിനിമകളെക്കാളും കഷ്ടമായിട്ടുണ്ട്‌ ഈ സിനിമ.

ഇവിടെ പറയാന്‍ പോകുന്നത്‌ ഉദയാനാണ്‌ താരം എന്ന സിനിമയെപ്പറ്റി അല്ല. മലയാളത്തിലെ മിമിക്രി സിനിമകളേപ്പറ്റി ആണ്‌. ഈ സിനിമകളെ മിമിക്രി സിനിമ എന്നു പറയുന്നത്‌ പൂര്‍ണമായും ശരി അല്ല. ഇവയെ സത്യത്തില്‍ പറയേണ്ടത്‌ അര്‍ധ-അസംബന്ധ സിനിമകള്‍ എന്നാണ്‌. ഈ സിനിമകള്‍ക്ക്‌ എന്താണ്‌ കുഴപ്പം? ഇവയുടെ കുഴപ്പം ഇവ അര്‍ധ-അസംബന്ധ സിനിമകള്‍ ആണ്‌ എന്നുള്ളതാണ്‌. ഈ സിനിമകള്‍ പൂര്‍ണമായും അസംബന്ധ സിനിമകള്‍ ആയിരുന്നെങ്കില്‍ ഉദാത്തമായ കലാസൃഷ്ടികള്‍ ആയേനെ. വിശദമാക്കം.

ഇടവേള വരെ അസംബന്ധങ്ങളിലൂടെ മുന്നേറുന്ന ഈ സിനിമകളില്‍ ഇടവേള കഴിയുന്നതോടു കൂടി സംവിധായകനും തിരക്കഥാകാരനും കഥയ്ക്ക്‌ വേണ്ടി നെട്ടോട്ടമോടുന്നതാണ്‌ കാണാന്‍ കഴിയുക. ഇതിനു കാരണം സ്ക്രീനിനു മുന്നിലിരിക്കുന്ന പ്രേക്ഷകന്‍ എന്ന കഴുത തിയേറ്ററില്‍ നിന്നും പുറത്തിറങ്ങി 'അയ്യോ, കഥയില്ലല്ലോ' എന്നു പറഞ്ഞാല്‍ സിനിമ ഏഴു നിലയില്‍ പൊട്ടും എന്നുള്ളതാണ്‌. കഥയില്ലാത്ത പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ നിര്‍മാതാവും സംവിധായകനും തല്ലിക്കൂട്ടി ഒരു കഥയുണ്ടാക്കും. അതോടു കൂടി ഇവര്‍ കലാവ്യഭിചാരത്തിനു തുടക്കം കുറിക്കുകയും ചെയ്യും. ഇങ്ങിനെയുള്ള പല സിനിമകള്‍ ശ്രദ്ധിച്ചാല്‍ അറിയാം ഇതിലെ കഥപാത്രങ്ങള്‍ ഒരു ഘട്ടത്തില്‍ കോമാളിയാണെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ പുരോഹിതനാണ്‌. മറ്റൊരു അവസരത്തില്‍ ഇയാള്‍ പൂവാലനാണെങ്കില്‍ അടുത്ത ഷൊട്ടില്‍ ഇയാള്‍ ധീരവിപ്ലവകാരി ആയിരിക്കും.

ഇത്തരം കഥാപാത്രങ്ങളെ വെച്ചു കൊണ്ട്‌ സിനിമ പിടിക്കുന്ന സംവിധായകര്‍ക്ക്‌ ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ സിനിമ കാശിറക്കുന്ന ഒരു ബിസിനെസ്സ്‌ കൂടിയാണല്ലോ. അതുകൊണ്ട്‌ എല്ലാ വേദികളിലും ഇവര്‍ ഇങ്ങിനെയുള്ള
കഥാപാത്രങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കും. ഇതറിയണമെങ്കില്‍ കൈരളി ടിവിയുടെ മന്ദബുദ്ധികള്‍ക്ക്‌ വേണ്ടി ഒരു മന്ദബുദ്ധിയാല്‍ നയിക്കപ്പെടുന്ന മന്ദബുദ്ധി പ്രോഗ്രാമായ Students Only എന്ന പ്രോഗ്രാം കണ്ടാല്‍ മതി. പല പ്രശസ്തരായ സംവിധായകരും അപക്വമായ മനസ്സുള്ള ഒരു ജനക്കൂട്ടത്തിന്റെ മുന്നില്‍ വന്നിരുന്ന്‌ വിഡ്ഢിവേഷം കെട്ടുന്നത്‌ കണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌.

അസംബന്ധ സിനിമകളെ അസംബന്ധ സിനിമയായി കാണാനുള്ള ആര്‍ജ്ജവം പ്രേക്ഷകനുണ്ടായിരിക്കണം. ഒരു ഉദാഹരണം പറയം. ഇടവേള വരെ അസംബന്ധത്തിലൂടെ മുന്നേറുന്ന സിനിമ ഇടവേള കഴിയുന്നതോടു കൂടി അസംബന്ധത്തിന്റെ തോത്‌ കൂട്ടിക്കൊണ്ടിരിക്കണം. അതുവരെ നായകന്റെ ശിങ്കിടിയായി നടന്നിരുന്ന കഥാപാത്രം ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം. ഇയാള്‍ ചൊവ്വയില്‍ നിന്നും അന്യഗ്രഹജീവികള്‍ ആക്രമിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായി നടത്തുന്ന സൈനിക സന്നാഹങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കണം. താനാണിതിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ എന്ന്‌ കാണിക്കാന്‍ ഇയാള്‍ എപ്പോഴും കയ്യില്‍ ഒരു വലിയ തുഴ കൊണ്ടു നടക്കണം. അടുത്ത ഷൊട്ടില്‍ ഇന്ത്യയെ ആക്രമിക്കുന്ന അന്യഗ്രഹജീവികള്‍ക്കെതിരെ തൊടുത്തു വിടുന്ന മിസൈലില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പ്രധാനമന്ത്രിയെ കാണിക്കണം. മിസൈല്‍ സ്റ്റെഡി ആയി പോകുന്നു എന്ന്‌ ഉറപ്പ്‌ വരുത്താന്‍ വേണ്ടിയാണ്‌ ഇയാള്‍ അള്ളിപ്പിടിച്ചിരിക്കുന്നത്‌. 200KM പിന്നിട്ട മിസൈലില്‍ OK സ്റ്റിക്കര്‍ ഒട്ടിച്ചതിനു ശേഷം ഇയള്‍ താഴോട്ടു ചാടണം. പൊടി തട്ടി എണീറ്റു വരുന്ന ദൃശ്യം ക്ലോസപ്പില്‍ കാണിക്കണം.

നായകന്റെ അനുജത്തി നാസയില്‍ ഇരുന്നു ദോശ ചുടുന്നതായിരിക്കണം അടുത്ത ദൃശ്യം. സാധാ ദോശയല്ല. ഒരു ദോശക്കു മൂന്നു കിലോമീറ്റര്‍ നീളം ഉണ്ടായിരിക്കണം. ഈ ദോശ അതിനു ശേഷം INS ദോശവാഹിനി എന്ന കപ്പലില്‍ കയറ്റി ഇന്ത്യയിലോട്ടു കൊണ്ടുവരണം. ഗ്രാമ-ഗ്രമാന്തരങ്ങളില്‍ വിതരണം ചെയ്യുന്നത്‌ കാണിക്കണം. എറ്റവും നല്ല ദോശവിതരണക്കരന്‌ ദോശപീഠം എന്ന അവാര്‍ഡ്‌ കൊടുക്കുന്നത്‌ കാണിക്കണം.

സിനിമ ഇങ്ങിനെ അസംബന്ധങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കണം. ഇതിനിടക്ക്‌ സിനിമയില്‍ കഥയൊ, ലോജിക്കോ മറ്റൊ കൊണ്ടുവരാന്‍ ശ്രമിക്കരുത്‌. മനുഷ്യ വികാരങ്ങളെ തൊട്ടുകളിക്കരുത്‌. മനുഷ്യ വികാരങ്ങളുടെ കഥ പറയുന്ന സിനിമകള്‍ മൂന്നംകിട സംവിധായകര്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല. വികാരങ്ങള്‍ പളുങ്കു പാത്രങ്ങളാണ്‌. അതു മന്ദബുദ്ധിയായ സംവിധായകനും തിരക്കഥാകാരനും, അന്തവും കുന്തവും ഇല്ലാത്ത പ്രേക്ഷകനും എടുത്ത്‌ കളിക്കാനുള്ള കളിപ്പാട്ടങ്ങളല്ല.

ഭാവി അസംബന്ധ സിനിമകളുടേതാണ്‌.