രാത്രി

Monday, October 17, 2005

പെൻഷൻ പ്രായം കൂട്ടേണ്ട ആവശ്യകതയെപ്പറ്റി

പെൻഷൻ പ്രായം ഉയർത്തുക എന്നതു കൊണ്ട്‌ ഉദ്യേശിച്ചത്‌ ഇപ്പോഴത്തെ 55/58 വയസ്സ്‌ എന്നത്‌ 90 ആക്കുക എന്നല്ല. പെൻഷൻ കൊടുക്കുന്ന പ്രായം കൂട്ടുക എന്നാണ്‌. അതായത്‌ 55 വയസ്സിൽ പിരിയുന്ന ഒരു വ്യക്തിയ്ക്ക്‌ പെൻഷൻ കൊടുക്കുന്നത്‌ 65 വയസ്സ്‌ മുതൽ ആയിരിക്കണം. പിരിയുന്നതിന്റെയും പെൻഷൻ കിട്ടുന്നതിന്റെയും ഇടയിൽ പത്തു കൊല്ലം ഉണ്ടായിരിക്കണം. ഇതു കൊണ്ടെന്ത്‌ പ്രയോജനം? പ്രയോജനം പലത്‌. വിശദമാക്കാം.

നിലവിലുള്ള അവസ്ഥയിൽ 55 വയസ്സിൽ പെൻഷൻ പറ്റുന്ന വ്യക്തി പെൻഷനാവുന്നതോടു കൂടി ടെലിവിഷൻ ചാനലുകൾക്ക്‌ ചുവട്ടിൽ പായ വിരിച്ച്‌ കിടക്കുന്ന അവസ്ഥയാണ്‌. നാളെ തൊട്ട്‌ പെൻഷൻ കാശ്‌ കിട്ടും എന്നതിനാൽ ഭാവിയെ പറ്റി വലിയ അല്ലലില്ല. പൊതു ഖജനാവിലോട്ടു വരുന്ന ഭൂരിഭാഗം കാശും വെള്ളാനകളിൽ ജോലി ചെയ്യുന്നവർക്ക്‌ ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും ചെലവഴിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത്‌ ഇത്‌ ഒരു ക്രിമിനൽ കുറ്റമാണ്‌. പോരാത്തതിന്‌ കേരളത്തിലെ ജനങ്ങളുടെ ആയുർദൈർഘ്യം കൂടി വരികയാണ്‌. 55 വയസ്സിൽ പെൻഷൻ പറ്റുന്ന വ്യക്തി 85 വയസ്സ്‌ വരെ ജീവിച്ചിരുന്നാൽ അയാളെ തീറ്റിപ്പോറ്റേണ്ട ഗതികേട്‌ ജനങ്ങളുടെ തലയിലാണ്‌. മൂന്നു ശതമാനം പോലും വരാത്ത ഓർഗനൈസ്‌ഡ്‌ സെക്ടരിൽ ഉള്ളവർക്കെ ഇതിന്റെ പ്രയോജനം ഉള്ളൂ എന്നറിയുമ്പോളാണ്‌ ഇതിലെ ക്രൂരത മനസ്സിലാവുന്നത്‌.

65 വയസ്സിലെ പെൻഷൻ കിട്ടൂ എന്ന അവസ്ഥ വന്നാൽ എന്തു സംഭവിക്കും. 55 വയസ്സിൽ പിരിയുന്നവൻ 50 വയസ്സ്‌ തൊട്ട്‌ പ്‌ളാനിങ്ങ്‌ ആരംഭിക്കും. അതായത്‌ പെൻഷൻ പറ്റി അടുത്ത പത്തു കൊല്ലം എങ്ങിനെ ജീവിക്കും എന്നതിനെപ്പറ്റി. അതോടുകൂടി പെൻഷൻ പറ്റുന്നവർ വീട്ടിൽ അടച്ചു കെട്ടിയിരിക്കാതെ എന്തെങ്കിലും ജോലിയിൽ ഏർപ്പെടും. അതു മൊത്തം എക്കോണമിയെ പോസിറ്റിവ്‌ ആയി സ്വാധീനിക്കും. ഇതുകൊണ്ടുള്ള മറ്റൊരു മെച്ചം ജോലിയെ സംബന്ധിച്ചുള്ള പരമ്പരാഗത ധാരണകളിൽ വലിയ മാറ്റം വരും. ഒരു ഉദാഹരണം പറയാം.

കലക്റ്റർ ആയി പിരിയുന്ന വ്യക്തി പെൻഷൻ പറ്റിയതിനു ശേഷം സ്വന്തം ഔദ്യോഗിക ജീവിതത്തിലെ വീരസാഹസികതകളെപ്പറ്റി നെടുങ്കൻ ലേഖനങ്ങൾ എഴുതി വായനക്കാരന്റെ നെഞ്ചത്ത്‌ കയറുന്നതിനു പകരം ഒരു തട്ടുകട കച്ചവടം തുടങ്ങുന്നു എന്ന്‌ വിചാരിക്കുക. അതോടു കൂടി തട്ടുകട കച്ചവടത്തിലോട്ട്‌ കൂടുതൽ അഭ്യസ്തവിദ്യർ കടന്നുവരും. അധികാരമുള്ളവൻ ചെയ്യുന്നത്‌ അനുകരിക്കുക സമൂഹത്തിന്റെ പൊതുസ്വഭാവമാണ്‌. പോലീസ്‌ കമ്മീഷണർ ആയി പിരിയുന്ന വ്യക്തി ഒരു തെങ്ങുകയറ്റ തൊഴിലാളി ആയി മാറുന്നു എന്നു വിചാരിക്കുക. അതോടു കൂടി തെങ്ങിൽ കയറാൻ ആളുകൾ പിന്നെ ക്യു ആയിരിക്കും. ഏതു ജോലിയും ആർക്കും ചെയ്യാം എന്ന അവസ്ഥ. നിർവാണം എന്നാൽ ഒരു ഗവേണ്മന്റ്‌ ജോലി കിട്ടുക എന്നതാണെന്നു ധരിച്ചു വശായ ഒരു സമൂഹത്തിന്റെ തലയ്ക്ക്‌ കിട്ടുന്ന ഒരു വലിയ അടി കൂടിയായിരിക്കും ഇത്‌.

പത്തു കൊല്ലം പെൻഷൻ കൊടുക്കാതിരിക്കുന്നതോടു കൂടി പൊതു ഖജനാവിൽ ധാരാളം കാശു വരും. ഇത്‌ ഇൻഫ്രാസ്ട്രച്ചർ ഡെവെലപ്പ്‌മെന്റിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നതിനും ഉപയോഗിച്ചു കൂടെ?.

മൊത്തം എക്കോണമിയിൽ പോസറ്റീവായ സ്വാധീനം, സോഷിലിസത്തിലോട്ടുള്ള അവസാനത്തെ കാല്‌വെപ്പ്‌, തൊഴിൽ സങ്കൽപ്പങ്ങളിൽ സമൂലമായ മാറ്റം, അങ്ങിനെ വിപ്ലവത്തിന്റെ ഒരു കത്രീന തന്നെ പെൻഷൻ പ്രായം(കൊടുക്കന്ന) കൂട്ടുന്നതു കൊണ്ടു സംഭവിക്കും.

അപ്പടിയാനാൽ ശൈലജ പൊയ്യാ?

മാതൃഭൂമി പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ശൈലജ എന്നു പേരുള്ള ഒരു തമിഴ്‌ പരിഭാഷകയുമായുള്ള അഭിമുഖത്തിൽ നിന്ന്‌.

സാഹിത്യത്തിന്റെ കാര്യത്തിൽ തമിഴും മലയാളവും തമ്മിലൊന്നു താരതമ്യം ചെയ്യാമൊ?

ശൈലജ: "തമിഴ്‌ മലയാളത്തെക്കൾ വളരെയധികം മുന്നിലാണ്‌. ............സാഹിത്യപരമായി മലയാളമിപ്പൊഴും പുറകിലാണ്‌."

ഇത്‌ വളരെ വിചിത്രമായ ഒരു അഭിപ്രായമായിട്ടാണ്‌ ഈയുള്ളവനു തോന്നിയത്‌. അടുത്ത കാലത്ത്‌ അന്തരിച്ച സുന്ദരരാമസ്വാമി കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഗൌരവമേറിയ സാഹിത്യത്തിന്‌ തമിഴിൽ ലഭിക്കുന്ന പരിതാപകരമായ അവസ്ഥയെപ്പറ്റി ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്‌ ഓർക്കുന്നു. ഒരു പുളിമരത്തിൻ കതൈ എന്ന നോവൽ കേവലം എഴുനൂറു കോപ്പിയാണ്‌ വിറ്റുപോയത്‌ എന്നു അദ്ദേഹം പരിതപിച്ചിരുന്നു. അഞ്ചു കോടി ജനങ്ങൾ ഉള്ള ഒരു സംസ്ഥാനത്ത്‌ ഒരു നല്ല സാഹിത്യകാരന്റെ കൃതി 700 കോപ്പി വിറ്റു പോകുന്നതു തീർച്ചയായും സാഹിത്യത്തിന്റെ ഗരിമയെ തന്നെയാണ്‌ കാണിക്കുന്നത്‌. ഖസാക്കിന്‌ മലയാളത്തിൽ മുപ്പതിൽപ്പരം പതിപ്പ്‌ ഉണ്ടായി എന്നും നമുക്കിവിടെ ഓർക്കാം.

സാദത്ത്‌ ഹസ്സൻ മന്റൊ തുടങ്ങി സാവിത്രി റോയ്‌ വരെയുള്ളവരുടെ കൃതികൾ മലയാളത്തിൽ തർജമ ചെയ്യപ്പെട്ടപ്പോൾ എന്തുകൊണ്ടാണ്‌ തമഴിൽ നിന്നുള്ള കൃതികൾ ശുഷ്കമായിപ്പോയത്‌. തമിഴിൽ സാഹിത്യമോ എന്ന്‌ പണ്ടു ജി എസ്‌ പ്രദീപ്‌ തന്റെ അശ്വമേധം പരിപാടിയിൽ ചോദിച്ചതാണ്‌ ഇവിടെ ഓർമ വരുന്നത്‌.

ശൈലജയുടെ നിന്തിരുവടികളിൽ നിന്നും നമുക്കു ഇനി തമിഴിലേക്കു മലയാള കൃതികൾ വിവർത്തനം ചെയ്യുന്ന കുറിഞ്ചിവേലൻ എന്ന പരിഭാഷകൻ മാതൃഭൂമിക്കു തന്നെ കൊടുത്ത ഇന്റർവ്യൂ കൂടി ഇവിടെ വായിക്കാം. കുരിഞ്ചിവേലനോട്‌:

മലയാള സാഹിത്യത്തെപ്പറ്റി എന്തു തോന്നുന്നു:

കുറിഞ്ചിവേലൻ: "പഴയകാല തമിഴ്‌ സാഹിത്യവും മലയാള സാഹിത്യവും ഏതാണ്ട്‌ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ഇന്നു മലയാള സാഹിത്യം തമിഴിനെക്കാൾ വളരെ മുന്നിലാണ്‌. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ തമിഴ്‌ നോവലുകളെക്കാൾ മലയാളം നോവലുകൾ ഏകദേശം പത്തു വർഷം മുന്നിലാണെന്നു പറയാം."

അപ്പടിയാനാൽ ശൈലജ പൊയ്യാ?

ശൈലജ സത്തിയാം താൻ

അതെപ്പടി?

സത്തിയം പലത്‌!!!!!!!!!!!!

Wednesday, September 14, 2005

ഓണാശംസകൾ

നമ്മുടെ ജീവിതത്തിലോട്ട്‌ ഒരിക്കൽക്കൂടി പവിഴമല്ലികളും നെയ്യാംബലുകളും കണ്ണാംതളികളും നാഗലിംഗപുഷ്പങ്ങളും തിരിച്ചുവരും എന്ന പ്രതീക്ഷയോടെ എല്ലാവർക്കും ഓണാശംസകൾ.

Sunday, August 14, 2005

ചോദ്യം, ഉത്തരം

കേരളത്തിൽ കോടീശ്വരൻ ആവാനുള്ള ഒരു കുറുക്കു വഴി പറഞ്ഞു തരുമോ?

'15 ദിവസത്തിനുള്ളിൽ എൽ ഡി ക്ലാർക്ക്‌ ' എന്ന പേരിൽ ഒരു പുസ്തകം അച്ചടിച്ചു വിൽക്കുക. ഹാരി പോട്ടർ പുസ്തകങ്ങൾ വിറ്റഴിയുന്നതു പോലെ വിറ്റഴിയും. നിങ്ങൾ കോടീശ്വരൻ ആകും.

ബാംഗ്ലൂർ സിറ്റിയുടെ ഒരു പ്രത്യേകത പറയൂ

സ്ത്രീകൾക്ക്‌ താമസിക്കാൻ പറ്റിയ നല്ല നഗരം. മുൻവിധികൾ കുറവ്‌. കൂടാതെ ധാരാളം ഷോപ്പിംഗ്‌ മാളുകളും.

കേരളത്തിൽ വീട്‌ വെയ്ക്കുന്നതും ബാംഗ്ലൂരിൽ വീടു വെയ്ക്കുന്നതും തമ്മിലുള്ള ഒരു വ്യത്യാസം പറയാമോ?

കേരളത്തിൽ വീടില്ലെങ്കിൽ നിങ്ങൾ ഒരു പിച്ചക്കാരൻ. ബാംഗ്ലൂരിൽ വീടു വെച്ചാൽ അടുത്ത മുപ്പതു കൊല്ലത്തേയക്ക്‌ നിങ്ങൾ ഒരു പിച്ചക്കാരൻ.

ബാംഗ്ലൂരിലെ ഓട്ടോറിക്ഷാക്കർ എങ്ങിനെ?

ചമ്പൽക്കാട്ടിൽ നിന്നും ട്രെയിനിംഗ്‌ കഴിഞ്ഞു വന്നവർ.

കർണാടകത്തിൽ ഇപ്പോൾ നടക്കുന്ന ഭാഷാവിവാദത്തെപ്പറ്റി എന്തു പറയുന്നു?

അധികാരമുള്ളവനോട്‌ ബന്ധപ്പെട്ട എന്തും ബഹുമാനം പിടിച്ചുപറ്റും. ഇംഗ്ലീഷും വെളുത്ത നിറവും അമേരിക്കൻ ആക്സെന്റും ആദരം പിടിച്ചുപറ്റുന്നത്‌ ഇതിനാലാണ്‌. അധികാരത്തിന്റെയും പണത്തിന്റെയും ഭാഷ പഠിക്കുന്നവൻ ബുദ്ധിമാൻ. അല്ലാത്തവൻ മണ്ടൻ. കഞ്ഞികുടിക്കാൻ വക ഉണ്ടാക്കിയതിനു ശേഷം പോരെ ഭാഷയും സാഹിത്യവും?

ഇന്ത്യയുടെ ചന്ദ്രായൻ പദ്ധതിയുടെ ചിലവ്‌ കുറയ്ക്കാൻ ഉള്ള ഒരു മാർഗം പറഞ്ഞു തരാമോ?

പറയാമല്ലോ. ഇന്ത്യ ചന്ദ്രനിലോട്ട്‌ വിടാൻ ഉദ്യേശിക്കുന്ന പേടകം ബാംഗ്ലൂരിലെ ഏതെങ്കിലും റിയൽ എസ്റ്റേറ്റുകാരന്റെ കയ്യിൽ കൊടുത്താൽ മതി. അയാൾ അതു നിമിഷങ്ങൾക്കകം ചന്ദ്രനിൽ എത്തിക്കും.

ബോളീവുഡ്‌ ഇൻഡസ്ട്രിയെപ്പറ്റി എന്താണഭിപ്രായം?

പൊറാട്ട്‌ നാടകങ്ങൾ പോലുള്ള സിനിമ പിടിക്കുന്ന സ്ഥലം. ഇതു ഞാൻ പറഞ്ഞതല്ല. വീർ സാംഗ്വിയുമായുള്ള അഭിമുഖത്തിൽ ശോഭാ ദെ പറഞ്ഞതാണ്‌. ശ്രീമതിയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു.

ഇന്ത്യയിലെ സൂപ്പർസ്റ്റാറുകൾ എല്ലാവരും ഒരു ദിവസം രാവിലെ ഹാർറ്റ്‌ അറ്റാക്ക്‌ വന്നു മരിച്ചാൽ എന്തു സംഭവിക്കും

അടുത്ത അഞ്ചു കൊല്ലം ഇന്ത്യയിൽ നല്ല സിനിമകൾ ഉണ്ടാകും

കരൺ ജോഹർ നടത്തുന്ന കാപ്പിക്കട കാണുമ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

ഇവർ വല്ലപ്പോഴും സിനിമ എന്ന കലയെപ്പറ്റി സംസാരിച്ചിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു.

അടുത്ത കാലത്ത്‌ നിങ്ങൾ കണ്ട ഒരു നല്ല സിനിമയുടെ പേരു പറയൂ

റഷ്യൻ നവാഗത സംവിധായകൻ ആയ Andrey Zvyagintsev യുടെ THE RETURN. തിയേറ്ററിൽ നിന്നും പുറത്തിറങ്ങുന്ന നമ്മൾ ഒരു വാക്കു മാത്രമെ പറയൂ Amazing

മറ്റൊരു സിനിമയുടെ പേർ പറയൂ

Krzysztof Kieslowski യുടെ Decalogue സീരിസിൽ പെടുന്ന ചിത്രം Remember the Sabbath day, to keep it holy. Amazing, Amazing!

അടുത്ത കാലത്ത്‌ നിങ്ങൾ വായിച്ച ഒരു നല്ല ചെറുകഥയുടെ പേർ പറയൂ

Jhumpa Lahiri യുടെ When Mr Pirzada Came To Dine. വളച്ചുകെട്ടൽ ഇല്ലാതെ ലളിതമായ രീതിയിൽ കഥ പറയുന്ന ഇവരുടെ ശൈലി അസൂയാവഹമാണ്‌

ടി പത്മനാഭന്റെ ഒരു നല്ല കഥയുടെ പേർ പറയൂ

യാത്ര

വൈക്കം മുഹമ്മദുബഷീറുമായി എം എൻ കാരശ്ശേരി നടത്തിയ അഭിമുഖം നിങ്ങൾ ഓർക്കുന്നോ?

ഓർക്കുന്നു. ബഷീർ മരിച്ചതിനു ശേഷം ദൂരദർശൻ സംമ്പ്രേഷണം ചെയ്ത ഈ ഇന്റർവ്യൂവിൽ കാരശ്ശേരി ബഷീറിനോട്‌: 'എത്ര ഭാര്യമാർ ഉണ്ട്‌?'

ബഷീർ: 'എന്തിനാ ആറ്റം ബോംബ്‌ ഒന്നിൽക്കൂടുതൽ"

മലയാളത്തിലെ കുറച്ച്‌ നല്ല സിനിമകളുടെ പേർ പറയൂ

അപരാഹ്നം (എം പി സുകുമാരൻ നായർ) അനന്തരം(അടൂർ) പിറവി(ഷാജി) ചിദംബരം(അരവിന്ദൻ, സി വി ശ്രീരാമൻ ) രുഗ്‌മിണിക്കൊരു പാവക്കുട്ടി(കെ പി കുമാരൻ, മാധവിക്കുട്ടി) തൂവാനത്തൂമ്പികൾ(പത്മരാജൻ) താഴ്‌വാരം(ഭരതൻ, എം ടി)

നഗരത്തിലെ പ്രണയത്തെപ്പറ്റി കവി സച്ചിദാനന്ദൻ പറഞ്ഞതെന്ത്‌?

നഗരത്തിലെ പ്രണയം
നഗരത്തിലെ ആകാശംപോലെയാണ്‌
അതുണ്ടെന്ന്‌ നമുക്കറിയാം
പക്ഷെ നോക്കുന്നിടത്തെല്ലം
നം ചുവരുകൾ മാത്രം കാണുന്നു

പ്രണയത്തിന്റെ വസന്തം എന്നു വരും?

ടെലിവിഷൻ ചാനലുകൾ വ്യക്തിയുടെ പ്രൈവസിയിലോട്ട്‌ ഇടിച്ചു കയറാത്ത ഒരു കാലത്ത്‌

നിങ്ങളുടെ നാടിന്റെ അപരനാമമെന്ത്‌?

മോസ്കൊ

നിങ്ങളുടെ നാട്ടിൽ കുട്ടികൾക്ക്‌ പേർ ഇടുന്നത്‌ എങ്ങിനെ?

മകനാണെങ്കിൽ ലെനിൻ. മകളാണെങ്കിൽ മെലാനിൻ

വീടുകൾക്കൊ?

മെൽസ്‌ ഹൌസ്‌ (മാർക്സ്‌+എംഗൽസ്‌)

നിങ്ങളുടെ നാട്ടിൽ കുട്ടികൾ മാവിൽ കല്ലെറിയാത്തത്‌ എന്തുകൊണ്ട്‌?

മാവൊയെ കല്ലെറിയരുത്‌

നിങ്ങൾ ബഹുമാനിക്കുന്നത്‌ ആരെ?

ഒരു കുറ്റി പുട്ട്‌ ഒറ്റ അടിക്കു തിന്നാൻ കഴിയുന്നവനെ ഞാൻ ബഹുമാനിക്കുന്നു.

രാത്രിഞ്ചരഗുരു പറഞ്ഞതെന്ത്‌?

അശ്ലീലം പറയരുത്‌, എഴുതരുത്‌, ചിന്തിക്കരുത്‌

ഇന്ത്യയിലെ ഏറ്റവും സുന്ദരി ആയ സ്ത്രീയുടെ പേർ പറയൂ

ശ്രീജ ചന്ദ്രൻ. കഥാപുരുഷനിൽ ബാലനടിയായി വന്ന ഈ പെൺകുട്ടി സ്ത്രീസൌന്ദര്യത്തിന്റെ മൂർത്തീഭാവമാണ്‌.

സ്ത്രീകൾ നഖം നീട്ടിവളർത്തി അതിൽ ചായമിടുന്നത്‌ എന്തിന്‌?

നഖം നീട്ടിവളർത്തുന്നത്‌ എന്തിനാണ്‌ എന്നു അറിയില്ല. ചായമിടുന്നത്‌ നഖത്തിനടിയിലെ ചളി കാണാതിരിക്കൻ വേണ്ടിയാണ്‌

കൊച്ചിക്കാരൻ അല്ലാത്ത നിങ്ങൾ ഫോർട്ട്‌ കൊച്ചി കാണാൻ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം പറയൂ

ഫോർട്ടു കൊച്ചിയിൽ ബോട്ടിറങ്ങിയപ്പോൽ കുറച്ചു കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്നതു കണ്ടു. അതിലൊരു കുട്ടി നിലത്തു നിന്നും പുല്ലുകൾ പറിച്ചെടുത്ത്‌ ഇങ്ങിനെ പറഞ്ഞു." ഞാനിതാ ഭൂമിയുടെ രോമങ്ങൾ ഓരോന്നായി പറിച്ചെറിയുന്നു" ഫോർട്ടു കൊച്ചിയിൽ നിന്നും നാളെ ഒരു എഴുത്തുകാരൻ ഉണ്ടായാൽ അത്ഭുതപ്പെടേണ്ടിതില്ല.

കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പേർ പറയാമോ?

പറയാമല്ലോ. ഉംബർട്ടോ എക്കൊ, മാർക്യെസ്‌, മിലൻ കുന്ദെര, മരിയോ വർഗാസ്‌യോസ, തോമസ്‌ മാൻ. ഇനിയും കുറെ പേർ ഉണ്ട്‌. അവരുടെ ലിസ്റ്റ്‌ ഒരു കപ്പലിൽ അയച്ചു തരാം.

അനിയത്തിപ്രാവ്‌ എന്ന സിനിമയെപ്പറ്റി എന്തു പറയുന്നു?

തന്തയ്ക്ക്‌ വിളിച്ചു നടന്നിരുന്നവർ തന്തപ്പിടിമാരായപ്പോൾ ചാടിയ മറുകണ്ടം ആണ്‌ അനിയത്തിപ്രാവ്‌.

വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തിന്റെ പേർ പറയാമോ?

പുസ്തകത്തിന്റെ പേർ പറയുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം പി നാരായണപിള്ളയുടെ ഭാര്യ പ്രഭാ നാരായണപിള്ള എഴുതുന്ന 'വേർപാടിന്റെ പുസ്തകം' എന്ന ഓർമ്മക്കുറിപ്പ്‌ തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്‌.

പൂനാനഗരത്തിന്റെ ഒരു പ്രത്യേകത പറയൂ

ചുരിധാറിന്റെ ഷാൾ മുഖം മൂടിയാക്കി പെൺകുട്ടികൾ സ്കൂട്ടർ ധ്രിതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു നടക്കുന്ന സ്ഥലം.

ഡൽഹിയിലെ ബസ്കണ്ടകറ്റർമാർ എങ്ങിനെ?


മഹാമോശം. കരോൾബാഗിലോട്ട്‌ ഈ ബസ്സ്‌ പോകുമോ എന്ന്‌ ഹിന്ദിയിൽ ചോദിച്ച എന്നെ ഒരു കണ്ടക്റ്റർ തെറി പറഞ്ഞു.

City Market ഉം MG Road ഉം തമ്മിലുള്ള ദൂരം എത്ര?

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ദൂരം

ഐ ടി കമ്പനികളിൽ ആളുകൾ 12 ഉം 16 ഉം മണിക്കൂർ ജോലി ചെയ്യുന്നതിനെപ്പറ്റി എന്തു പറയുന്നു?

ഓഫീസിൽ രാവിലെ 11 മണിക്ക്‌ വന്നു 3 മണിക്കു ഇറങ്ങിപ്പോകുന്ന ടിപ്പിക്കൽ ഇന്ത്യൻ ബ്യുറോക്രസിക്കു ഇതു ഒരു അത്ഭുതമാകാം. ഇടവേളകളിൽ അധികാരത്തിന്റെ ചാരുകസേരയിൽ മലർന്നു കിടന്നു വെള്ളിച്ചെല്ലം തുറന്ന് നാലുംകൂട്ടി മുറുക്കി ജനങ്ങളുടെ മുഖത്ത്‌ കാർക്കിച്ചുതുപ്പിയ ഒരു തലമുറയുടെ നെറികേടുകൾക്കുള്ള പ്രായശ്ച്ചിത്തമായെങ്കിലും ഈ തലമുറ 18 മണിക്കൂർ ജോലി ചെയ്യണം

ഓണം വരികയാണല്ലൊ. എന്തു തോന്നുന്നു?

എം ടി യുടെ അസുരവിത്തിൽ ഗോവിന്ദൻകുട്ടി പറയുന്നതുപോലെ കുട്ടിക്കാലം കഴിഞ്ഞാൽ ഓണവും വിഷുവുമൊന്നും ഉത്സവങ്ങൾ അല്ല. ചെറുപ്പത്തിൽ ഞാൻ പൂക്കൊട്ടയുമായ്‌ നടന്ന്‌ തുമ്പപ്പൂവും, കാക്കപ്പൂവും, നമ്പ്യാർ വട്ടവും, ശംഖു പുഷപ്പങ്ങളും പറിച്ചിട്ടുണ്ട്‌. ചാണകം മെഴുകിയ നിലത്ത്‌ ആദ്യം പൂവിടാൻ വേണ്ടി ചേച്ചിയുമായി അടിപിടി കൂടിയിട്ടുണ്ട്‌.

മലയാളത്തിന്റെ ഭാവി?

കേരളത്തിൽ കൂമ്പടഞ്ഞേക്കാം. ഗൾഫിൽ നിലനിൽക്കും. സംശയമുണ്ടെങ്കിൽ മലയാളം ബ്ലൊഗന്മാരുടെ സെൻസസ്‌ എടുക്കു.

മോഹം?

കലേഷിന്റെയും സൂവിന്റെയും ആവേശത്തോടെ എല്ലാ ബ്ലൊഗുകളിലും പോയി കമന്റ്‌ വെയ്ക്കാൻ.

Sunday, June 26, 2005

ചേലക്കരയുടെ കഥാകാരനെ പറ്റി പെരിങ്ങോടരോടു ചോദിച്ചതിന്റെ തുടര്‍ച്ചയാണ്‌ ഈ പോസ്റ്റ്‌. മലയാളത്തില്‍ ആധുനികത കത്തി നിന്ന കാലഘട്ടത്തില്‍ ചെറുകഥയിലെ ഗ്ലാമര്‍ ബോയ്സ്‌ ആയിരുന്നു നിര്‍മല്‍ കുമാറും മേതില്‍ രധാകൃഷ്ണനും. ഈ രണ്ടു എഴുത്തുകാരില്‍ മേതിലിനു പിന്നീട്‌ എന്തു സംഭവിച്ചു എന്നറിയില്ല. നിര്‍മല്‍കുമാര്‍ അപൂര്‍വമായി മാതൃഭൂമിയില്‍ കഥകള്‍ എഴുതാറുണ്ട്‌.

നിര്‍മല്‍കുമാറിന്റെ കഥകളെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. കാരണം പല കഥകളും വളരെ സങ്കീര്‍ണമായ ഭാഷയിലും രചനാ തന്ത്രങ്ങളിലൂം അഭിരമിക്കുന്നവയാണ്‌. പക്ഷെ ഈ എഴുത്തുകാരന്റെ ലേഖനങ്ങളെ പറ്റി പറയുമ്പോള്‍ മനോഹരം എന്നു പറഞ്ഞതിനു ശേഷം ആ വാക്ക്‌ പത്തു പ്രാവശ്യം ആവര്‍ത്തിക്കണം. അത്ര മനോഹരം ആണ്‌ ഇദ്ദേഹത്തിന്റെ ഗദ്യം.

KP കോളംസ്‌ എഴുതിയിട്ടില്ല എന്നാണ്‌ തോന്നുന്നത്‌. മലയാളത്തില്‍ MP നാരായണപ്പിള്ള കോളം എഴുതിയില്ലായിരുന്നെങ്കില്‍ അതു വലിയ നഷ്ടം ആയേനെ. അതുപോലുള്ള ഒരു നഷ്ടമാണ്‌ KP കോളം എഴുതാത്തതിനാല്‍ സംഭവിച്ചത്‌. വാക്കുകള്‍ കൊണ്ട്‌ അമിട്ടുകള്‍ തീര്‍ത്ത്‌ ഒരു വലിയ വര്‍ണപ്രപഞ്ചം സൃഷ്ടിക്കന്‍ കഴിയുന്ന KP എന്തുകൊണ്ട്‌ കോളം എഴുതിയില്ല എന്ന്‌ പലപ്പോഴും ആലോചിക്കാറുണ്ട്‌.

വാക്കുകള്‍ കൊണ്ടുള്ള ആ കളിക്ക്‌ ഒരു ഉദാഹരണം നോക്കൂ. ആധുനികതയെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയില്‍ KPയുടെ വാക്കുകള്‍:

"...മലയാള കഥയിലെ ആധുനികതയ്ക്ക്‌ എഴുത്തുകാരന്‍ കപ്പം കൊടുത്തു-സ്വന്തം യുവത്വം ചൂണ്ടിപ്പണയം വെച്ച്‌. എന്നിട്ടും, യാഥാസ്ഥിതിക നിരൂപണത്തിന്റെ ദശമുഖന്മാര്‍ പത്തു വായകൊണ്ടൂം ആധുനിക കഥാകാരനെ പഴി പറഞ്ഞു. പുറത്തുപറയാന്‍ കൊള്ളാത്ത സര്‍വവിധ കേരളീയ ഉഷ്ണരോഗങ്ങളുടെയും പാരാമെഡിക്കല്‍ ലാബ്‌ റിപ്പോര്‍ട്ടുകള്‍ അവര്‍ ആധുനികന്റെ അരഞ്ഞാണത്തില്‍ കെട്ടിത്തൂക്കി. 'കുശിനിയില്‍ കരിഞ്ഞ്‌ ചത്താല്‍ കുഴി കൂട്ടി മറവു ചെയ്യണം' എന്ന്‌ ആക്രോശിച്ചു. അപ്പോഴാണ്‌ സുമുഖനായ ഒരു ധീരയുവാവ്‌ വിരല്‍ ചൂണ്ടി 'നിര്‍ത്തൂ വിവരം കെട്ട വര്‍ത്തമാനം' എന്നു ശാസിച്ച്‌ യാഥാസ്ഥിതികന്റെ ചലിക്കുന്ന താടിയെല്ലുകളും ചിലക്കുന്ന നാവുകളും അടച്ചു പൂട്ടാന്‍ കല്‍പനയായത്‌. പിന്നെ നടന്നത്‌ വ്യാഴവട്ടം നീണ്ട ദേവാസുരയുദ്ധമായിരുന്നു. ആധുനികര്‍ക്ക്‌ ഒരു വിശ്വാസവഴിയുണ്ടെന്നു അപ്പന്‍ വിശ്വസിച്ചു. സാമ്പ്രദായികമായ സദൃശ്യവാക്യങ്ങളേയും ന്യായപ്രമാണങ്ങളേയും ആ നവ നിരൂപകന്‍ നിരന്തരം ചോദ്യം ചെയ്തു. സൌന്ദര്യബോധത്തിന്റെ സത്യപ്രഭാഷണം ആയിരിക്കണം വിമര്‍ശനമെന്നു നിഷ്കര്‍ഷിച്ചു. സ്വതന്ത്രമായ അഭിരുചിയെ പീഢിപ്പിക്കുന്ന എന്തോ ഒന്നു യഥാസ്ഥിതിക നിരൂപണത്തില്‍ ഉണ്ട്‌ എന്ന്‌ പരസ്യമായി ആരോപിച്ചു.

യാഥാസ്ഥിതകതയുടെ തോറബോറ ഗുഹകളില്‍ പൊട്ടിത്തെറി തുടങ്ങിയിരുന്നു. പരമ്പരാഗത വസ്തുനിഷ്ഠ രചനാരീതിയില്‍ നിന്നും കുതറി മാറി വായനുയുടെയും ആലോചനയുടെയും താത്വിക ബലത്തില്‍ കാവ്യാത്മകമായ നിരീക്ഷണങ്ങളിലൂടെ വിസ്മയജനകമായ ബിംബകല്‍പനകളിലൂടെ കതിനക്കുറ്റി പോലെ പൊട്ടി ദുര്‍ദ്ദേവതകളെ ഞെട്ടിപ്പിച്ച്‌, നേര്‍മൊഴികളിലൂടെ, എന്നാല്‍ രക്ഷാധികാരിയായി ചാരുകസേരയില്‍ കിടന്നു വെള്ളിച്ചെല്ലം തുറക്കാതെ, അപ്പന്‍ ആധുനികതയുടെ ലാവണ്യദേവതമാരെ കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി പരിപാലിച്ച്‌ തട്ടകം കാത്തു.........."

കഥയുടെ ജനിതകം എന്ന ലേഖനം അവസാനിക്കുന്നതു നോക്കൂ....

"....... നീരൊഴുക്കു കുറഞ്ഞ നദിയില്‍ വെളുത്ത വാവു നിറയുമ്പോള്‍, ഉച്ചപ്പൂജ കഴിഞ്ഞ്‌ നടയടച്ച ശ്രീകോവിലിനു മുന്‍പില്‍ ഏകനായി നില്‍ക്കുമ്പോള്‍, നീണ്ട സന്ധ്യകളിലെ അസ്വസ്ഥമായ കാത്തിരിപ്പില്‍ ആവര്‍ത്തിക്കാനിരിക്കുന്ന ജന്മങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍, ഓര്‍മകള്‍ ഒഴിഞ്ഞ കണ്ണുകളുമായി പ്രിയപ്പെട്ടവര്‍ പഞ്ചഭൂതങ്ങളായി മാറുമ്പോള്‍, ബാല്യപ്രണയിനിയുടെ മകളുടെ വിവാഹത്തില്‍ കാലപ്രവാഹത്തെക്കുറിച്ച്‌ ഓര്‍ത്ത്‌ പങ്കെടുക്കുമ്പോള്‍, അപ്പോഴെല്ലം എഴുത്തുകാരന്‍, സന്ദേഹവര്‍ത്തികളായ ആ തീവ്ര ജീവിത സന്ദര്‍ഭങ്ങളില്‍, വാക്കുകള്‍ക്കും സ്വാന്തനത്തിനും അനുമതിയില്ലാത്ത ഒഴിഞ്ഞ മുറികളില്‍ കുനിഞ്ഞിരുന്നും കമിഴ്ന്നു കിടന്നും ഉയരുന്ന ഇടനെഞ്ചിടിപ്പിന്റെയും വറ്റിയ ചങ്കിന്റെയും പിടിയിലമര്‍ന്ന്‌ വിങ്ങിപ്പൊട്ടുന്നുണ്ടാവണം. തൂലിക എത്ര നിസ്സരം........."

ഇത്ര മനോഹരമായി വാക്കുകള്‍ ഉപയോഗിച്ച്‌ എഴുതുന്ന എഴുത്തുകാര്‍ മലയാളത്തില്‍ അപൂര്‍വമാണെന്നു പറഞ്ഞാല്‍ ക്ഷമിക്കുക. ഇഷ്ടപ്പെട്ട കഥാകാരനെ വിശേഷിപ്പിക്കുമ്പോള്‍ നമ്മള്‍ വാക്കുകളില്‍ പിശുക്ക്‌ കാണിക്കരുതല്ലോ.

******************************
പെരിങ്ങോടരെ, താങ്കളുടെ പോസ്റ്റല്‍ അഡ്രസ്സ്‌ rathrincharan@gmail.com എന്ന വിലാസത്തില്‍ അയച്ചു തന്നല്‍ KPയുടെ കഥ പോസ്റ്റല്‍ ആയി അയച്ചു തരാം. സ്കാന്‍ ചെയ്ത്‌ e-mail മുഖാന്തരം അയക്കാന്‍ ഉള്ള ബുദ്ധിമുട്ടുകാരണം ആണ്‌ ഇതു പറയുന്നത്‌. ക്ഷമിക്കുമല്ലോ.

Saturday, June 04, 2005

ഉദയനാണ്‌ താരവും മലയാളത്തിലെ മിമിക്രി സിനിമകളും.

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഉദയാനാണ്‌ താരം എന്ന സിനിമ കണ്ടപ്പോള്‍ ഈ രണ്ട്‌ വരികളണ്‌ ഓര്‍മ വന്നത്‌. മോഹന്‍ലാലും ശ്രീനിവാസനും വയസ്സന്മാര്‍ ആയിരിക്കുന്നു എന്നും ഇവര്‍ അഭിനയം നിര്‍ത്തുന്നതാണ്‌ നല്ലതെന്നും ഈ ചിത്രം വിളിച്ച്‌ പറയുന്നുണ്ട്‌. മലയാളത്തിലെ മിമിക്രി സിനിമകളെ ഈ ചിത്രത്തില്‍ പരിഹസിക്കുന്നുണ്ട്‌. സത്യത്തില്‍ മിമിക്രി സിനിമകളെക്കാളും കഷ്ടമായിട്ടുണ്ട്‌ ഈ സിനിമ.

ഇവിടെ പറയാന്‍ പോകുന്നത്‌ ഉദയാനാണ്‌ താരം എന്ന സിനിമയെപ്പറ്റി അല്ല. മലയാളത്തിലെ മിമിക്രി സിനിമകളേപ്പറ്റി ആണ്‌. ഈ സിനിമകളെ മിമിക്രി സിനിമ എന്നു പറയുന്നത്‌ പൂര്‍ണമായും ശരി അല്ല. ഇവയെ സത്യത്തില്‍ പറയേണ്ടത്‌ അര്‍ധ-അസംബന്ധ സിനിമകള്‍ എന്നാണ്‌. ഈ സിനിമകള്‍ക്ക്‌ എന്താണ്‌ കുഴപ്പം? ഇവയുടെ കുഴപ്പം ഇവ അര്‍ധ-അസംബന്ധ സിനിമകള്‍ ആണ്‌ എന്നുള്ളതാണ്‌. ഈ സിനിമകള്‍ പൂര്‍ണമായും അസംബന്ധ സിനിമകള്‍ ആയിരുന്നെങ്കില്‍ ഉദാത്തമായ കലാസൃഷ്ടികള്‍ ആയേനെ. വിശദമാക്കം.

ഇടവേള വരെ അസംബന്ധങ്ങളിലൂടെ മുന്നേറുന്ന ഈ സിനിമകളില്‍ ഇടവേള കഴിയുന്നതോടു കൂടി സംവിധായകനും തിരക്കഥാകാരനും കഥയ്ക്ക്‌ വേണ്ടി നെട്ടോട്ടമോടുന്നതാണ്‌ കാണാന്‍ കഴിയുക. ഇതിനു കാരണം സ്ക്രീനിനു മുന്നിലിരിക്കുന്ന പ്രേക്ഷകന്‍ എന്ന കഴുത തിയേറ്ററില്‍ നിന്നും പുറത്തിറങ്ങി 'അയ്യോ, കഥയില്ലല്ലോ' എന്നു പറഞ്ഞാല്‍ സിനിമ ഏഴു നിലയില്‍ പൊട്ടും എന്നുള്ളതാണ്‌. കഥയില്ലാത്ത പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ നിര്‍മാതാവും സംവിധായകനും തല്ലിക്കൂട്ടി ഒരു കഥയുണ്ടാക്കും. അതോടു കൂടി ഇവര്‍ കലാവ്യഭിചാരത്തിനു തുടക്കം കുറിക്കുകയും ചെയ്യും. ഇങ്ങിനെയുള്ള പല സിനിമകള്‍ ശ്രദ്ധിച്ചാല്‍ അറിയാം ഇതിലെ കഥപാത്രങ്ങള്‍ ഒരു ഘട്ടത്തില്‍ കോമാളിയാണെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ പുരോഹിതനാണ്‌. മറ്റൊരു അവസരത്തില്‍ ഇയാള്‍ പൂവാലനാണെങ്കില്‍ അടുത്ത ഷൊട്ടില്‍ ഇയാള്‍ ധീരവിപ്ലവകാരി ആയിരിക്കും.

ഇത്തരം കഥാപാത്രങ്ങളെ വെച്ചു കൊണ്ട്‌ സിനിമ പിടിക്കുന്ന സംവിധായകര്‍ക്ക്‌ ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ സിനിമ കാശിറക്കുന്ന ഒരു ബിസിനെസ്സ്‌ കൂടിയാണല്ലോ. അതുകൊണ്ട്‌ എല്ലാ വേദികളിലും ഇവര്‍ ഇങ്ങിനെയുള്ള
കഥാപാത്രങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കും. ഇതറിയണമെങ്കില്‍ കൈരളി ടിവിയുടെ മന്ദബുദ്ധികള്‍ക്ക്‌ വേണ്ടി ഒരു മന്ദബുദ്ധിയാല്‍ നയിക്കപ്പെടുന്ന മന്ദബുദ്ധി പ്രോഗ്രാമായ Students Only എന്ന പ്രോഗ്രാം കണ്ടാല്‍ മതി. പല പ്രശസ്തരായ സംവിധായകരും അപക്വമായ മനസ്സുള്ള ഒരു ജനക്കൂട്ടത്തിന്റെ മുന്നില്‍ വന്നിരുന്ന്‌ വിഡ്ഢിവേഷം കെട്ടുന്നത്‌ കണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌.

അസംബന്ധ സിനിമകളെ അസംബന്ധ സിനിമയായി കാണാനുള്ള ആര്‍ജ്ജവം പ്രേക്ഷകനുണ്ടായിരിക്കണം. ഒരു ഉദാഹരണം പറയം. ഇടവേള വരെ അസംബന്ധത്തിലൂടെ മുന്നേറുന്ന സിനിമ ഇടവേള കഴിയുന്നതോടു കൂടി അസംബന്ധത്തിന്റെ തോത്‌ കൂട്ടിക്കൊണ്ടിരിക്കണം. അതുവരെ നായകന്റെ ശിങ്കിടിയായി നടന്നിരുന്ന കഥാപാത്രം ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം. ഇയാള്‍ ചൊവ്വയില്‍ നിന്നും അന്യഗ്രഹജീവികള്‍ ആക്രമിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായി നടത്തുന്ന സൈനിക സന്നാഹങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കണം. താനാണിതിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ എന്ന്‌ കാണിക്കാന്‍ ഇയാള്‍ എപ്പോഴും കയ്യില്‍ ഒരു വലിയ തുഴ കൊണ്ടു നടക്കണം. അടുത്ത ഷൊട്ടില്‍ ഇന്ത്യയെ ആക്രമിക്കുന്ന അന്യഗ്രഹജീവികള്‍ക്കെതിരെ തൊടുത്തു വിടുന്ന മിസൈലില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പ്രധാനമന്ത്രിയെ കാണിക്കണം. മിസൈല്‍ സ്റ്റെഡി ആയി പോകുന്നു എന്ന്‌ ഉറപ്പ്‌ വരുത്താന്‍ വേണ്ടിയാണ്‌ ഇയാള്‍ അള്ളിപ്പിടിച്ചിരിക്കുന്നത്‌. 200KM പിന്നിട്ട മിസൈലില്‍ OK സ്റ്റിക്കര്‍ ഒട്ടിച്ചതിനു ശേഷം ഇയള്‍ താഴോട്ടു ചാടണം. പൊടി തട്ടി എണീറ്റു വരുന്ന ദൃശ്യം ക്ലോസപ്പില്‍ കാണിക്കണം.

നായകന്റെ അനുജത്തി നാസയില്‍ ഇരുന്നു ദോശ ചുടുന്നതായിരിക്കണം അടുത്ത ദൃശ്യം. സാധാ ദോശയല്ല. ഒരു ദോശക്കു മൂന്നു കിലോമീറ്റര്‍ നീളം ഉണ്ടായിരിക്കണം. ഈ ദോശ അതിനു ശേഷം INS ദോശവാഹിനി എന്ന കപ്പലില്‍ കയറ്റി ഇന്ത്യയിലോട്ടു കൊണ്ടുവരണം. ഗ്രാമ-ഗ്രമാന്തരങ്ങളില്‍ വിതരണം ചെയ്യുന്നത്‌ കാണിക്കണം. എറ്റവും നല്ല ദോശവിതരണക്കരന്‌ ദോശപീഠം എന്ന അവാര്‍ഡ്‌ കൊടുക്കുന്നത്‌ കാണിക്കണം.

സിനിമ ഇങ്ങിനെ അസംബന്ധങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കണം. ഇതിനിടക്ക്‌ സിനിമയില്‍ കഥയൊ, ലോജിക്കോ മറ്റൊ കൊണ്ടുവരാന്‍ ശ്രമിക്കരുത്‌. മനുഷ്യ വികാരങ്ങളെ തൊട്ടുകളിക്കരുത്‌. മനുഷ്യ വികാരങ്ങളുടെ കഥ പറയുന്ന സിനിമകള്‍ മൂന്നംകിട സംവിധായകര്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല. വികാരങ്ങള്‍ പളുങ്കു പാത്രങ്ങളാണ്‌. അതു മന്ദബുദ്ധിയായ സംവിധായകനും തിരക്കഥാകാരനും, അന്തവും കുന്തവും ഇല്ലാത്ത പ്രേക്ഷകനും എടുത്ത്‌ കളിക്കാനുള്ള കളിപ്പാട്ടങ്ങളല്ല.

ഭാവി അസംബന്ധ സിനിമകളുടേതാണ്‌.

Saturday, May 21, 2005

തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്‌

ഇവിടെ ഞങ്ങള്‍ എന്ന്‌ വിവക്ഷിച്ചത്‌ രാത്രിയെയും കൈപ്പള്ളിയെയും ആണ്‌. കുട്ടിച്ചാത്തന്മാര്‍ പോസ്റ്റുകള്‍ എടുത്തു കൊണ്ടു പോകുന്നു. രാത്രി നടക്കാന്‍ പോകുന്നതിനാല്‍ ആണെന്നാണ്‌ സൂ പറയുന്നത്‌. അതിനോടു രാത്രി യോജിക്കുന്നില്ല.

ഒ. വി. വിജയനെ പറ്റി എഴുതിയ പോസ്റ്റാണ്‌ ആദ്യം നഷ്ടപ്പെട്ടത്‌. പിന്നീട്‌ സിറ്റിബാങ്കുകാരെയും icici കാരേയും കുറിച്ചെഴുതിയത്‌ പോയി. കുട്ടിച്ചാത്തന്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടിവ്‌ ആയി ഏതൊ BPO യില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്‌ എന്നാണ്‌ തോന്നുന്നത്‌.

ലോകത്തുള്ള എല്ലാ ചാത്തന്‍സിന്റെയും ശ്രദ്ധക്ക്‌.

ഞങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ കരുതി വെച്ച തൂക്കുമരം ചിതല്‍ തിന്നു നശിക്കും
ആരച്ചാര്‍ ജരാനര ബാധിച്ച്‌ പല്ലു കൊഴിഞ്ഞു മരിക്കും
അപ്പോള്‍ ഞങ്ങള്‍ നിങ്ങളോടു സഹതപിക്കും

ഹഹഹ................


(എം സുകുമാരന്റെ വാക്കുകളോട്‌ കടപ്പാട്‌)

Wednesday, May 18, 2005

കേരളത്തിലെ പിച്ചക്കാരും ബാംങ്ലൂരിലെ പിച്ചക്കാരും.

ഇന്ത്യയിലെ പിച്ചക്കാര്‍ എല്ലാവരും കൂടി ചേര്‍ന്ന്‌ ആള്‍ ഇന്ത്യ പിച്ച പാര്‍ട്ടി(APP) എന്ന ഒരു പാര്‍ട്ടി രൂപീകരിക്കുകയും ഇലക്ഷനില്‍ നില്‍ക്കുകയും ചെയ്താല്‍ ഇവിടുത്തെ ഈര്‍ക്കില്‍ പാര്‍ട്ടിക്കാര്‍ എല്ലാം താടിക്ക്‌ കയ്യും കൊടുത്ത്‌ നിലത്ത്‌ ഇരുന്നു പോകും. ചുരുങ്ങിയത്‌ 50 ലോകസഭാ സീറ്റെങ്കിലും APPയൂടെ കയ്യില്‍ പോരും. അത്രമാത്രം പിച്ചക്കാര്‍ ഉണ്ട്‌ ഇന്ത്യയില്‍. ഇവിടെ പിച്ചക്കാര്‍ എന്നു പറഞ്ഞത്‌ നമ്മുടെയെല്ലാം മനസ്സില്‍ രൂഡമൂലമായിട്ടുള്ള സാധാ ഇന്ത്യന്‍ പിച്ചക്കാരെയാണ്‌. വികസിത രാജ്യങ്ങളുടെ നിലവാരം വെച്ചു നോക്കിയാല്‍ ഇന്ത്യയിലെ 90% ആളുകളേയും പിച്ചക്കാര്‍ എന്നു പറയേണ്ടി വരും.

നാട്ടില്‍ പോയപ്പോള്‍ ആണ്‌ കേരളത്തിലെ പിച്ചക്കാരും ബാംഗ്ലൂരിലെ പിച്ചക്കാരും തമ്മിലുള്ള അന്തരം മനസ്സിലായത്‌. ബസ്സില്‍ ഇരിക്കുമ്പോള്‍ അലക്കിത്തേച്ച സാരിയെല്ലാം ഉടുത്ത ഒരു സ്ത്രീ കയറി വന്നു. ഒരു ബാഗില്‍ നിന്നും കുറച്ച്‌ പ്രിന്റെഡ്‌ കാര്‍ഡ്‌ എടുത്ത്‌ അവര്‍ എല്ലാവരുടെയും മടയില്‍ വെക്കാന്‍ തുടങ്ങി. അപ്പോളാണ്‌ മനസ്സിലായത്‌ പിച്ച തെണ്ടാന്‍ പോകുകയാണെന്ന്‌. പണ്ടത്തെ പോലെ അമ്മ, അപ്പ എന്നു പറഞ്ഞ്‌ വരുന്ന പരിപാടിയൊന്നും ഇല്ല. സാക്ഷര സുന്ദര കേരളമല്ലെ. പറയാന്‍ ഉള്ളതെല്ലാം കാര്‍ഡില്‍ എഴുതിയിട്ടുണ്ട്‌. മനസ്സുണ്ടെങ്കില്‍ വായിക്കുക, കാശുണ്ടെങ്കില്‍ തരിക. അത്രേയുള്ളൂ. അഭ്യര്‍ഥന ഒന്നും ഇല്ല.

പിച്ചക്കാരായാല്‍ ഇങ്ങിനെ വേണം. ഏത്‌ ജോലി ചെയ്യുമ്പോളും അത്‌ അതിന്റെ വ്യത്തിയില്‍ ചെയ്യണം. ഒരു പിച്ചക്കാരന്‍ കൂളിംഗ്‌ ഗ്ലാസും ടീ ഷര്‍ട്ടും ജീന്‍സും ഇട്ടാണ്‌ വരുന്നതെങ്കില്‍ സാധാരണ ഒരു രൂപ കൊടുക്കുന്നയാള്‍ പത്തു രൂപ കൊടുക്കണം. അത്‌ ഈ സാധനങ്ങള്‍ വാങ്ങാന്‍ ചെലവ്‌ കൂടും എന്നതു കൊണ്ടല്ല. വ്യത്തിയും വെടിപ്പോടും നടക്കാനുള്ള മെന്റാലിറ്റി മാനിച്ചാണ്‌ കാശ്‌ കൂടുതല്‍ കൊടുക്കാന്‍ പറയുന്നത്‌.

കേരളത്തിലെ പിച്ചക്കാരില്‍ നിന്നും തുലോം വ്യത്യസ്തമാണ്‌ ബാംഗ്ലൂരിലെ പിച്ചക്കാര്‍. ഇന്ത്യയുടെ നാനഭാഗത്ത്‌ നിന്ന്‌ വന്ന്‌ മെട്രൊപോളിറ്റന്‍ സിറ്റിയില്‍ സ്ഥിരതാമസമാക്കിയതിനല്‍ ഇവരെ നമുക്ക്‌ മെട്രൊസെക്ഷല്‍ പിച്ചക്കര്‍(MSP) എന്നു വിളിക്കാം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം MSPകള്‍ മാത്രം എന്നതാണ്‌ ബാംഗ്ലൂരിലെ സ്ഥിതി. ഈ കണക്കിനു പോയാല്‍ 2010ല്‍ കോമ്പറ്റിറ്റീവ്‌ എക്സാം എഴുതുന്നവര്‍ 'പിച്ചക്കാരുടെ ലോക തലസ്ഥാനമേത്‌' എന്ന ചോദ്യത്തിനു ഇടം വലം തിരിയാതെ ബാംഗ്ലൂര്‍ എന്ന്‌ എഴുതിക്കളയും. സിലിക്കോണ്‍ വാലിയുടെ പേര്‌ പിച്ചവാലി എന്ന്‌ ആക്കേണ്ടി വരും.

ഇവിടുത്തെ പിച്ചക്കാരെ ഏറ്റവും കൂടുതല്‍ കാണുക ട്രാഫിക്‌ ജംക്ഷനില്‍ ആണ്‌. കേരളത്തിലെ പിച്ചക്കാര്‍ കാര്‍ഡാണ്‌ കൊണ്ടു നടക്കുന്നതെങ്കില്‍ ഇവര്‍ ഒപ്പരം കൊണ്ടു നടക്കുന്നത്‌ മൂന്നു മാസം പോലും പ്രായമാകാത്ത കുഞ്ഞുങ്ങളെയാണ്‌. അതും പൊരി വെയിലത്ത്‌. ഈ കുഞ്ഞുങ്ങളെ കാണിച്ചുള്ള സിമ്പതിയില്‍ നിന്നും വേണം കാശു കിട്ടാന്‍. ഇവിടുത്തെ പിച്ചക്കാര്‍ക്ക്‌ വിവരമില്ല. ഇന്ത്യയിലെ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ എങ്ങാനും ഇതു കണ്ടാല്‍ അപ്പോള്‍ പിടിച്ച്‌ പിച്ചക്കാരെ ജയിലില്‍ ഇടും. IPC 3050 പ്രകാരം ജാമ്യമില്ലാ വകുപ്പാണ്‌. ഇതൊന്നും ഇവിടുത്തെ പാവം പിച്ചക്കാര്‍ക്ക്‌ അറിയില്ല. കാരണം പത്രം വായന ഇല്ല എന്നതു തന്നെ. പത്രം വായിക്കണമെങ്കില്‍ എഴുത്തും വായനയും അറിയേണ്ടെ. എല്ലാവരും നിരക്ഷരകുക്ഷികള്‍ ആണ്‌.

കേരളം ഒരു കാര്യം ഒഴിച്ച്‌ എല്ലാ കാര്യത്തിലും ഇന്ത്യയ്ക്ക്‌ മാത്രകയാണല്ലൊ. ജനനമരണ നിരക്ക്‌ കുറവ്‌,ദാരിദ്രം കുറവ്‌, സമ്പൂര്‍ണ സാക്ഷരത, അങ്ങിനെ എന്തെല്ലം. ഇനി എന്താണ്‌ ആ ഒരു കാര്യം. അതു നമ്മുടെ രാഷ്ട്രീയക്കാര്‍ തന്നെ. പക്ഷെ അതു പറഞ്ഞിട്ടു കാര്യം ഇല്ല. ശാപം കിട്ടിയതാണ്‌. പലര്‍ക്കും അറിയില്ല ആ കഥ. ഇന്നും ഇന്നലെയും ഒന്നും നടന്ന സംഭവം അല്ല. സഹസ്രാബ്ദങ്ങളായി. ഒരു പുനര്‍ജന്മത്തിന്റെ കഥ. കഥ പറയാം.

ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേരളം ഇല്ലായിരുന്നു. ഇന്ന്‌ കേരളത്തില്‍ താമസിക്കുന്ന ജനങ്ങള്‍ എല്ലം അന്ന്‌ കര്‍ണാടകത്തിലെ ഗോകര്‍ണം എന്ന സ്ഥലത്തിനു കുറച്ച്‌ വടക്ക്‌ മാറി കൃഷി ചെയ്ത്‌ ജീവിക്കുകയായിരുന്നു. അങ്ങിനെയിരിക്കുമ്പോള്‍ ആണ്‌ പരശുരാമന്‍ വന്ന്‌ ഒരു മഴു എടുത്ത്‌ ഒരു ഏറ്‌ കൊടുത്തത്‌. അത്‌ ചെന്ന്‌ കന്യാകുമാരിയില്‍ വീഴുകയും കേരളം ഉണ്ടാവുകയും ചെയ്തു. മഴു വീഴുന്ന ശബ്ദം കേട്ട്‌ "എന്തോ വീണല്ലൊ, കിട്ടിപ്പോയ്‌" എന്ന്‌ പറഞ്ഞു കൊണ്ട്‌ മലയാളികള്‍ എല്ലം അങ്ങോട്ട്‌ ഓടാന്‍ തുടങ്ങി. ഈ ആക്രാന്തം കണ്ട്‌ കോപാകുലനായ പരശുരാമന്‍ ഇങ്ങിനെ ശപിച്ചു "കരുമുരളി കുഞ്ഞാലി അച്ചുതാനന്ദ ജനഹ". അതിന്റെ അര്‍ഥം കരുണാകരന്‍, മുരളി, കുഞ്ഞാലിക്കുട്ടി, അച്ചുതാനന്ദന്‍ എന്നീ രാഷ്ട്രിയക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നിങ്ങള്‍ പുനര്‍ജനിക്കും എന്നയിരുന്നു. മുനിശാപം ആണ്‌. തേയ്ച്ചാലും മായ്ച്ചാലും പോവില്ല.

അപ്പോള്‍ പറഞ്ഞു വന്നത്‌ പിച്ചക്കാരെ പറ്റി ആയിരുന്നു. കേരളത്തിലെ പിച്ചക്കാരില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പിച്ചക്കാര്‍ക്ക്‌ ധാരാളം പഠിക്കാന്‍ ഉണ്ട്‌. ഗവണ്മേന്റ്‌ ഈ കാര്യത്തില്‍ മുന്‌കയ്‌ എടുത്ത്‌ സിലക്റ്റെഡ്‌ ആയ കുറച്ച്‌ പിച്ചക്കാരെ കേരളത്തിലോട്ടു പറഞ്ഞയക്കണം. ആറ്‌ മാസത്തെ ട്രെയിനിംഗ്‌ മതി ഇവര്‍ നല്ല ഒന്നാംന്തരം പിച്ചക്കാര്‍ ആയി തിരിച്ചു വരും.

ഓഫിസില്‍ ഇരുന്നുള്ള ഈ പിച്ചച്ചാറ്റ്‌ തല്‍ക്കാലം നിറുത്തട്ടെ. ഇല്ലെങ്കില്‍ ഡൊമ്മ്ലൂര്‍ സര്‍ക്കിളില്‍ ഇരുന്നു ഞാന്‍ പിച്ച തെണ്ടേണ്ടി വരും.