രാത്രി

Sunday, June 26, 2005

ചേലക്കരയുടെ കഥാകാരനെ പറ്റി പെരിങ്ങോടരോടു ചോദിച്ചതിന്റെ തുടര്‍ച്ചയാണ്‌ ഈ പോസ്റ്റ്‌. മലയാളത്തില്‍ ആധുനികത കത്തി നിന്ന കാലഘട്ടത്തില്‍ ചെറുകഥയിലെ ഗ്ലാമര്‍ ബോയ്സ്‌ ആയിരുന്നു നിര്‍മല്‍ കുമാറും മേതില്‍ രധാകൃഷ്ണനും. ഈ രണ്ടു എഴുത്തുകാരില്‍ മേതിലിനു പിന്നീട്‌ എന്തു സംഭവിച്ചു എന്നറിയില്ല. നിര്‍മല്‍കുമാര്‍ അപൂര്‍വമായി മാതൃഭൂമിയില്‍ കഥകള്‍ എഴുതാറുണ്ട്‌.

നിര്‍മല്‍കുമാറിന്റെ കഥകളെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. കാരണം പല കഥകളും വളരെ സങ്കീര്‍ണമായ ഭാഷയിലും രചനാ തന്ത്രങ്ങളിലൂം അഭിരമിക്കുന്നവയാണ്‌. പക്ഷെ ഈ എഴുത്തുകാരന്റെ ലേഖനങ്ങളെ പറ്റി പറയുമ്പോള്‍ മനോഹരം എന്നു പറഞ്ഞതിനു ശേഷം ആ വാക്ക്‌ പത്തു പ്രാവശ്യം ആവര്‍ത്തിക്കണം. അത്ര മനോഹരം ആണ്‌ ഇദ്ദേഹത്തിന്റെ ഗദ്യം.

KP കോളംസ്‌ എഴുതിയിട്ടില്ല എന്നാണ്‌ തോന്നുന്നത്‌. മലയാളത്തില്‍ MP നാരായണപ്പിള്ള കോളം എഴുതിയില്ലായിരുന്നെങ്കില്‍ അതു വലിയ നഷ്ടം ആയേനെ. അതുപോലുള്ള ഒരു നഷ്ടമാണ്‌ KP കോളം എഴുതാത്തതിനാല്‍ സംഭവിച്ചത്‌. വാക്കുകള്‍ കൊണ്ട്‌ അമിട്ടുകള്‍ തീര്‍ത്ത്‌ ഒരു വലിയ വര്‍ണപ്രപഞ്ചം സൃഷ്ടിക്കന്‍ കഴിയുന്ന KP എന്തുകൊണ്ട്‌ കോളം എഴുതിയില്ല എന്ന്‌ പലപ്പോഴും ആലോചിക്കാറുണ്ട്‌.

വാക്കുകള്‍ കൊണ്ടുള്ള ആ കളിക്ക്‌ ഒരു ഉദാഹരണം നോക്കൂ. ആധുനികതയെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയില്‍ KPയുടെ വാക്കുകള്‍:

"...മലയാള കഥയിലെ ആധുനികതയ്ക്ക്‌ എഴുത്തുകാരന്‍ കപ്പം കൊടുത്തു-സ്വന്തം യുവത്വം ചൂണ്ടിപ്പണയം വെച്ച്‌. എന്നിട്ടും, യാഥാസ്ഥിതിക നിരൂപണത്തിന്റെ ദശമുഖന്മാര്‍ പത്തു വായകൊണ്ടൂം ആധുനിക കഥാകാരനെ പഴി പറഞ്ഞു. പുറത്തുപറയാന്‍ കൊള്ളാത്ത സര്‍വവിധ കേരളീയ ഉഷ്ണരോഗങ്ങളുടെയും പാരാമെഡിക്കല്‍ ലാബ്‌ റിപ്പോര്‍ട്ടുകള്‍ അവര്‍ ആധുനികന്റെ അരഞ്ഞാണത്തില്‍ കെട്ടിത്തൂക്കി. 'കുശിനിയില്‍ കരിഞ്ഞ്‌ ചത്താല്‍ കുഴി കൂട്ടി മറവു ചെയ്യണം' എന്ന്‌ ആക്രോശിച്ചു. അപ്പോഴാണ്‌ സുമുഖനായ ഒരു ധീരയുവാവ്‌ വിരല്‍ ചൂണ്ടി 'നിര്‍ത്തൂ വിവരം കെട്ട വര്‍ത്തമാനം' എന്നു ശാസിച്ച്‌ യാഥാസ്ഥിതികന്റെ ചലിക്കുന്ന താടിയെല്ലുകളും ചിലക്കുന്ന നാവുകളും അടച്ചു പൂട്ടാന്‍ കല്‍പനയായത്‌. പിന്നെ നടന്നത്‌ വ്യാഴവട്ടം നീണ്ട ദേവാസുരയുദ്ധമായിരുന്നു. ആധുനികര്‍ക്ക്‌ ഒരു വിശ്വാസവഴിയുണ്ടെന്നു അപ്പന്‍ വിശ്വസിച്ചു. സാമ്പ്രദായികമായ സദൃശ്യവാക്യങ്ങളേയും ന്യായപ്രമാണങ്ങളേയും ആ നവ നിരൂപകന്‍ നിരന്തരം ചോദ്യം ചെയ്തു. സൌന്ദര്യബോധത്തിന്റെ സത്യപ്രഭാഷണം ആയിരിക്കണം വിമര്‍ശനമെന്നു നിഷ്കര്‍ഷിച്ചു. സ്വതന്ത്രമായ അഭിരുചിയെ പീഢിപ്പിക്കുന്ന എന്തോ ഒന്നു യഥാസ്ഥിതിക നിരൂപണത്തില്‍ ഉണ്ട്‌ എന്ന്‌ പരസ്യമായി ആരോപിച്ചു.

യാഥാസ്ഥിതകതയുടെ തോറബോറ ഗുഹകളില്‍ പൊട്ടിത്തെറി തുടങ്ങിയിരുന്നു. പരമ്പരാഗത വസ്തുനിഷ്ഠ രചനാരീതിയില്‍ നിന്നും കുതറി മാറി വായനുയുടെയും ആലോചനയുടെയും താത്വിക ബലത്തില്‍ കാവ്യാത്മകമായ നിരീക്ഷണങ്ങളിലൂടെ വിസ്മയജനകമായ ബിംബകല്‍പനകളിലൂടെ കതിനക്കുറ്റി പോലെ പൊട്ടി ദുര്‍ദ്ദേവതകളെ ഞെട്ടിപ്പിച്ച്‌, നേര്‍മൊഴികളിലൂടെ, എന്നാല്‍ രക്ഷാധികാരിയായി ചാരുകസേരയില്‍ കിടന്നു വെള്ളിച്ചെല്ലം തുറക്കാതെ, അപ്പന്‍ ആധുനികതയുടെ ലാവണ്യദേവതമാരെ കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി പരിപാലിച്ച്‌ തട്ടകം കാത്തു.........."

കഥയുടെ ജനിതകം എന്ന ലേഖനം അവസാനിക്കുന്നതു നോക്കൂ....

"....... നീരൊഴുക്കു കുറഞ്ഞ നദിയില്‍ വെളുത്ത വാവു നിറയുമ്പോള്‍, ഉച്ചപ്പൂജ കഴിഞ്ഞ്‌ നടയടച്ച ശ്രീകോവിലിനു മുന്‍പില്‍ ഏകനായി നില്‍ക്കുമ്പോള്‍, നീണ്ട സന്ധ്യകളിലെ അസ്വസ്ഥമായ കാത്തിരിപ്പില്‍ ആവര്‍ത്തിക്കാനിരിക്കുന്ന ജന്മങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍, ഓര്‍മകള്‍ ഒഴിഞ്ഞ കണ്ണുകളുമായി പ്രിയപ്പെട്ടവര്‍ പഞ്ചഭൂതങ്ങളായി മാറുമ്പോള്‍, ബാല്യപ്രണയിനിയുടെ മകളുടെ വിവാഹത്തില്‍ കാലപ്രവാഹത്തെക്കുറിച്ച്‌ ഓര്‍ത്ത്‌ പങ്കെടുക്കുമ്പോള്‍, അപ്പോഴെല്ലം എഴുത്തുകാരന്‍, സന്ദേഹവര്‍ത്തികളായ ആ തീവ്ര ജീവിത സന്ദര്‍ഭങ്ങളില്‍, വാക്കുകള്‍ക്കും സ്വാന്തനത്തിനും അനുമതിയില്ലാത്ത ഒഴിഞ്ഞ മുറികളില്‍ കുനിഞ്ഞിരുന്നും കമിഴ്ന്നു കിടന്നും ഉയരുന്ന ഇടനെഞ്ചിടിപ്പിന്റെയും വറ്റിയ ചങ്കിന്റെയും പിടിയിലമര്‍ന്ന്‌ വിങ്ങിപ്പൊട്ടുന്നുണ്ടാവണം. തൂലിക എത്ര നിസ്സരം........."

ഇത്ര മനോഹരമായി വാക്കുകള്‍ ഉപയോഗിച്ച്‌ എഴുതുന്ന എഴുത്തുകാര്‍ മലയാളത്തില്‍ അപൂര്‍വമാണെന്നു പറഞ്ഞാല്‍ ക്ഷമിക്കുക. ഇഷ്ടപ്പെട്ട കഥാകാരനെ വിശേഷിപ്പിക്കുമ്പോള്‍ നമ്മള്‍ വാക്കുകളില്‍ പിശുക്ക്‌ കാണിക്കരുതല്ലോ.

******************************
പെരിങ്ങോടരെ, താങ്കളുടെ പോസ്റ്റല്‍ അഡ്രസ്സ്‌ rathrincharan@gmail.com എന്ന വിലാസത്തില്‍ അയച്ചു തന്നല്‍ KPയുടെ കഥ പോസ്റ്റല്‍ ആയി അയച്ചു തരാം. സ്കാന്‍ ചെയ്ത്‌ e-mail മുഖാന്തരം അയക്കാന്‍ ഉള്ള ബുദ്ധിമുട്ടുകാരണം ആണ്‌ ഇതു പറയുന്നത്‌. ക്ഷമിക്കുമല്ലോ.

9 Comments:

  • :)

    By Anonymous Anonymous, at 4:07 PM  

  • സുനില്‍,

    ചില എഴുത്തുകാരുടെ വാക്കുകള്‍ നമ്മെ ആഹ്ലാദഭരിതരാക്കും. നമ്മള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ശക്തമായ
    ഭാഷയില്‍ അവര്‍ പറയുമ്പോള്‍ നമ്മള്‍ ആരാധകരുടെ പട്ടികയില്‍ പേര്‍ ചേര്‍ക്കും.
    ഒരു പക്ഷെ ലേഖനത്തില്‍ നിന്നും അടര്‍ത്തി എഴുതിയതിനാല്‍ ആകാം നടന്നെത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത്‌. എങ്കിലും അവസാനം എഴുതിയ വാക്കുകള്‍ എല്ലാ എഴുത്തുകാരന്റെയും അവസ്ഥ തന്നെ അല്ലെ? അവന്‍ പേന വെച്ചു എഴുതുന്നവന്‍ ആയാലും, കമ്പ്യൂട്ടറില്‍ അടിക്കുന്നവന്‍ ആയാലും?
    -രാത്രി

    By Anonymous Anonymous, at 6:49 PM  

  • :)

    By Blogger സു | Su, at 6:54 PM  

  • ശ്രീ രാത്രിഞ്ചരന്‍..
    ചങ്ക്‌ പറിച്ചൊഴുകുന്ന ചോര കൊണ്ട്‌ മഹാന്മാരെ വാഴ്തുവാന്‍ തൂലിക നിറച്ച അങ്ങയുടെ പ്രിയ കഥാകാരനെ എവിടെ കണ്ടുകിട്ടുമെന്ന് അറിയിച്ചു തന്നാല്‍ നന്നായിരുന്നു..
    -ഇബ്രു-

    By Blogger ചില നേരത്ത്.., at 6:06 PM  

  • Ibru,

    blog sandarsichathinu nandi. thankal ee link check cheyyoo

    http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=789

    By Blogger rathri, at 6:52 PM  

  • Maythil is here:
    http://www.weblokam.com/it/website/july/1week.htm

    Visit this also : http://zc.mypunbb.com/

    By Anonymous Anonymous, at 4:00 PM  

  • നല്ല ഈടുള്ള എഴുത്ത്. ബ്ളോഗില്‍ ഇത്തരം എഴുത്തുകള്‍ കാണുന്നത് ഗൌരവബുദ്ധിക്കാര്‍ക്ക് ഒരാശ്വാസം തന്നെ.എഴുത്തിന് നന്ദി.

    By Blogger Unknown, at 6:18 PM  

  • pls.read my blog @ joseperingulam.blogspot.in

    By Blogger Unknown, at 6:23 PM  

  • നന്ദി .....ഈ എഴുത്തുകൾക്കു...ഈ ചിന്താദാരിദ്ര്യ കാലത്തേ അല്പം മറക്കാൻ സഹായിച്ചതിന്...

    By Blogger Ranjith poomuttam, at 7:57 AM  

Post a Comment

<< Home