രാത്രി

Wednesday, March 30, 2005

ബൈട്ടു ടീ കൊടി സര്‍..........................

ബൈട്ടോ എന്നല്ല പറഞ്ഞത്‌. ബൈട്ടു എന്നാണ്‌. കര്‍ണാടക മഹാരാജ്യത്തില്‍ വസിക്കുന്ന പ്രജകളോടു അതിന്റെ അര്‍ഥം പറയേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അല്ലാത്തവര്‍ക്കു വേണ്ടി പറയാം. ഒന്നിനെ രണ്ടാക്കാന്‍ ആണു പറഞ്ഞതു. ശങ്കരാചാര്യരെ തിരിച്ചിട്ടതു. സംഭവം ഇങ്ങിനെ. 5-6 കൊല്ലങ്ങള്‍ക്കു മുന്‍പു ഒരു മൃദുവയര്‍
കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍ നാട്ടില്‍ നിന്നും കുറ്റിയും പറിച്ചു ഇറങ്ങി. ഇന്ത്യയുടെ സിലിക്കോണ്‍ വാലിയില്‍ വന്നിറങ്ങിയപ്പോള്‍ ഒരു ചായ കുടിക്കാന്‍ വല്ലാത്ത ആഗ്രഹം. ആദ്യം കണ്ട ഹോട്ടലിലോട്ടു തന്നെ വെച്ചടിച്ചു. അടുത്തെങ്ങും ഹിന്ദിക്കാര്‍ ഇല്ല എന്ന വിശ്വാസത്തില്‍ ഹിന്ദിയില്‍ ഒരു ചായ ചോദിച്ചു.

"ഹിന്ദി പറഞ്ഞു കഷ്ടപ്പെടേണ്ട, ഇവിടെ ചായ ഇല്ല."

അതു ശരി, മലയാളിയുടെ ഹോട്ടലാണ്‌. ആശ്വാസം. പക്ഷെ ചായ ഇല്ലാത്ത ഹോട്ടലോ? നാട്ടില്‍ ഏതു ഹോട്ടലിലും അര്‍ധരാത്രിക്ക്‌ കയറി ചെന്നാല്‍ പോലും ചായ കിട്ടും. എന്നാല്‍ പിന്നെ എവിടെ ചായ കിട്ടും?.

"അതാ ആ ബേക്കറിയില്‍ കിട്ടും." ചേട്ടന്‍ അടുത്തു കണ്ട ബേക്കറി ചൂണ്ടിക്കാണിച്ചു തന്നു.

ചായ കുടിക്കാന്‍ ഉള്ള ആഗ്രഹം കൂടിക്കൂടി വരുന്നു. ബേക്കറി എങ്കില്‍ ബേക്കറി. ബേക്കറിയില്‍ ചെന്നപ്പോള്‍ ആണു മനസ്സിലായതു ബാംഗ്ലൂരിലെ മൊത്തം ബേക്കറികള്‍ മലയാളികള്‍ 1000 കൊല്ലത്തേക്കു പാട്ടത്തിനു എടുത്തിരിക്കയാണെന്ന്‌. മലയാളത്തില്‍ തന്നെ ചോദിച്ചു.

"ചേട്ടാ, ഒരു ചായ." ചോദിച്ചു കഴിഞ്ഞില്ല അതാ വരുന്നു ഔണ്‍സ്‌ ഗ്ലാസ്‌ വലുപ്പത്തില്‍ ഉള്ള ഒരു പ്ലാസ്റ്റിക്‌ കപ്പില്‍ ഒരു ദ്രാവകം.

"ചേട്ടാ, ചായയാ ചോദിച്ചത്‌. മൂക്കില്‍ ഉറ്റിക്കാന്‍ ഉള്ള മരുന്നു അല്ല."

"ചായയാ തന്നത്‌. താന്‍ എവിടെ വേണമെങ്കിലും ഉറ്റിച്ചോ." ചേട്ടന്‍ തിരിച്ചടിച്ചു.

ദൈവമെ, ഇതോ ചായ!. ചായയുടെ വണ്ണവും നീളവും കണ്ട ഷോക്കില്‍ നിന്നും മുക്തനാവുന്നതിനെ മുന്നെ അതാ വരുന്നു ഒരു കന്നഡ നാദം.

"ബൈട്ടു ടീ കൊടി സര്‍." രണ്ട്‌ പേര്‍ ചായ കുടിക്കാന്‍ വന്നിരിക്കയാണ്‌.

നേരത്തെ ഔണ്‍സ്‌ ഗ്ലാസില്‍ കൊണ്ടുവന്നതു പോലുള്ള ചായ വീണ്ടും രണ്ടാക്കി കൊടുക്കാന്‍ ആണു പറഞ്ഞത്‌. ചായ കുടിക്കാന്‍ ഉള്ള ആക്രാന്തത്തില്‍ ആരെങ്കിലും പറഞ്ഞതാണെന്ന്‌ തെറ്റിധരിക്കരുതു. ഇത്‌ ഇവിടെ സാധാരണം. ദരിദ്രമായ ഒരു സമൂഹം അതിന്റെ ആദ്യകാലങ്ങളില്‍ ചായ കുടിക്കാന്‍ തുടങ്ങി വെച്ച ഒരു ശീലമായിരിക്കാം. കൂടുതല്‍ വിവരം അമര്‍ത്യസെന്നിന്‌ ഫോണ്‍ വിളിച്ചു ചോദിച്ചതിനു ശേഷം അറിയിക്കാം.

ചായയുടെ കാര്യം പറയുബ്ബോള്‍ നാട്ടിലെ കാര്യം പറയാതിരിക്കാന്‍ പറ്റില്ല. ചായ സത്ക്കാരത്തില്‍ പ്രശസ്തര്‍ ആണല്ലോ നമ്മള്‍. ഇവിടുത്തേതിന്റെ വിപരീതം ആണ്‌ നാട്ടില്‍. ചായ എന്ന പേരില്‍ മുന്നില്‍ ഒരു കുടം തന്നെ കൊണ്ടു വെച്ചു തരും. കുടിക്കുന്നവന്റെ കഷ്ടപ്പാട്‌ ആരറിയാന്‍. മലയാളികള്‍ക്കു മാത്രമല്ല സത്ക്കരിച്ചു ആളെ വെള്ളം കുടിപ്പിക്കുന്ന ഈ പണിയുള്ളത്‌. punjabiകള്‍ക്കും ഉണ്ടു ഈ ശീലം. ഒരിക്കല്‍ ഒപ്പരം പഠിച്ചവന്‍ നിര്‍ബന്ധിച്ചതിനാല്‍ ചാണ്ടിഗറില്‍ ഉള്ള അവന്റെ വീട്ടില്‍ പോയി. സത്ക്കാരത്തിന്റെ ഭാഗമായി അതാ വരുന്നു പുട്ടിന്‍ കുറ്റി വണ്ണത്തിലും നീളത്തിലും ഉള്ള ഗ്ലാസില്‍ ഒരു ദ്രാവകം. ലെസ്സി എന്നാണതിന്‍ പേര്‍. തൈരെന്നു പറയുന്നതു ചോറില്‍ കുഴച്ചു കഴിക്കാനുള്ള സാധനമായിട്ടാണ്‌ അന്നു വരെ കരുതിയത്‌. ഇതു അതില്‍ പഞ്ചസാര ഇട്ടു കുത്തിയിളക്കി കൊണ്ടു വന്നിരിക്കയാ. മുന്നില്‍ ഇരിക്കുന്നത്‌ പഞ്ചാബി. ഒരു ഇടി ഇടിച്ചാല്‍ നമ്മള്‍ ആന പപ്പടം ചവിട്ടിയ മാതിരി ആയിപ്പോകും. കുടിക്കുക തന്നെ........

Tuesday, March 29, 2005

തറ പറ പന..................

എഴുതാന്‍ വിട്ടുപോയ വാക്കുകളുടെയും പാടാന്‍ മറന്നു പോയ പാട്ടുകളുടെയും സാക്ഷാത്കരിക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങളുടെയും കഥാവശേഷമാണു ജീവിതം എന്നു ഓര്‍മിപ്പിച്ച നാരീനാമധാരിയായ നിറൂപകനെ ഓര്‍ത്തു തുടങ്ങട്ടെ. തറ പറ പന....................